കൊച്ചി: സംസ്ഥാന ലോട്ടറി വില 40 രൂപയിൽ നിന്ന് 50 ആയി വർധിപ്പിച്ചതിലും വിൽപ്പന, സമ്മാന കമ്മിഷനുകളിൽ കുറവ് വരുത്തിയതിലും പ്രതിഷേധിച്ച് കേരള ലോട്ടറി ഏജന്‍റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി വെള്ളിയാഴ്ച്ച ലോട്ടറി ബന്ദിന് ആഹ്വാനം ചെയ്തു.
ആറു മാസത്തിനുള്ളിൽ ലോട്ടറി ജിഎസ്‌ടി 40 ശതമാനമായി വർധിച്ചതിന്‍റെ പേരിൽ സമ്മാനങ്ങളിലും വിൽപ്പന കമ്മിഷനിലും പ്രൈസ് കമ്മിഷനിലും വലിയ കുറവാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളത്. ഇത് ലോട്ടറി എടുക്കുന്ന ജനങ്ങളോടുള്ള വഞ്ചനയും, ഏജന്‍റുമാരോടും വിൽപ്പനക്കാരോടുമുള്ള ചതിയുമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടിക്കറ്റ് വില 40 ൽ നിന്ന് 50 രൂപ ആക്കിയപ്പോൾ, നിലവിലുണ്ടായിരുന്ന 50 രൂപ വിലയുള്ള ഫിഫ്റ്റി - ഫിഫ്റ്റി ടിക്കറ്റിന്‍റെ സമ്മാനത്തുകയെക്കാൾ ഗണ്യമായ കുറവ് വരുത്തിയാണ് പുതിയ 50 രൂപ ടിക്കറ്റ് ഇറക്കിയത്. ആറ് മാസങ്ങൾക്ക് ശേഷം ജിഎസ്‌ടി വർധനവിലൂടെ ഒരു കോടി എട്ട് ലക്ഷം ടിക്കറ്റിൽ മൂന്നു കോടി അറുപത്തൊന്നു ലക്ഷം രൂപയുടെ വരുമാനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വർധിച്ചത്.
നിലവിൽ 28% ജിഎസ്‌ടിയുടെ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്നത് 5 രൂപ 45 പൈസ. 40% ജിഎസ്‌ടി വിഹിതമായി ഒരു രൂപ 67 പൈസ കൂടി 7 രൂപ 12 പൈസയായി വർധിച്ചു. അൺ ക്ലെയിംഡ് സമ്മാനങ്ങളിലൂടെയും സർക്കാരിലേക്കു വരുമാനം ലഭിക്കുന്നു. ജിഎസ്‌ടി വിഹിതമായ ഒരു രൂപ 67 പൈസയുടെ അധിക വരുമാനം സർക്കാർ ഉപേക്ഷിക്കണമെന്നും, ലോട്ടറി മേഖലയിലുള്ളവർക്ക് അധിക ഭാരം ആകാതെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഹിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിലവിൽ ജിഎസ്‌ടി വർധനയുടെ പേരിൽ ഒരു കോടി എട്ടുലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ കുറച്ചു. ആറ് മാസം മുൻപ് ടിക്കറ്റ് വില 40 രൂപയിൽ നിന്ന് 50 രൂപയാക്കിയപ്പോൾ ഇതിൽ കൂടുതൽ തുകയുടെ കുറവ് സമ്മാനങ്ങളിൽ വരുത്തി. ഇ ആറ് മാസത്തെ ഇടവേളയിൽ കേരള ലോട്ടറിയിൽ സമ്മാനത്തുകയുടെ കുറവ് രണ്ടരക്കോടിയോളം രൂപയാണ്. ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും കമ്മിഷൻ ഒരു രൂപയോളം കുറച്ചു. സമ്മാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന കമ്മിഷൻ തുക 3 ശതമാനത്തോളം കുറച്ചതിലൂടെ 85 ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് ഏജന്‍റുമാർക്ക് ഉണ്ടായതെന്നും ഭാരവാഹികൾ.