അശ്വതി, ഫാത്തിമ ഷഹദ

 
Kerala

മലപ്പുറത്തു നിന്നും കാണാതായ പെൺകുട്ടികൾ ശനിയാഴ്ച നാട്ടിൽ തിരിച്ചെത്തും

മഹാരാഷ്‌ട്ര ലോണാവാലാ സ്റ്റേഷനിൽ നിന്നുമാണ് റെയ്‌ൽവേ പൊലീസ് ഉദ‍്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്.

കൊച്ചി: മലപ്പുറം താനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ ശനിയാഴ്ച നാട്ടിൽ തിരിച്ചെത്തിക്കും. കെയർ ഹോമിലേക്ക് മാറ്റിയ പെൺകുട്ടികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൊലീസിന് കൈമാറും. മഹാരാഷ്‌ട്ര ലോണാവാലാ സ്റ്റേഷനിൽ നിന്നുമാണ് റെയ്‌ൽവേ പൊലീസ് ഉദ‍്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്. എസ്ഐ സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി മുംബൈയിലേക്ക് തിരിച്ചു.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ‌ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ‍്യാർഥിനികളെയാണ് കാണാതായത്. ഇരുവരെയും കാണാതായതിന് പിന്നാലെ കുട്ടികളുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിൽ തിരൂർ റെയ്‌ൽവേ സ്റ്റേഷനിൽ കുട്ടികൾ എത്തിയതടക്കമുള്ള സിസിടിവി ദ‍്യശ‍്യങ്ങൾ കണ്ടെത്തി. ജീൻസും ടി ഷർട്ടുമായിരുന്നു പെൺകുട്ടികൾ ധരിച്ചിരുന്നത്. തിരൂർ റെയ്‌ൽവേ സ്റ്റേഷനിൽ നിന്നും ഇരുവരും രണ്ടു മണിയോടെ കോഴിക്കോട് എത്തി. പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. മൊബൈൽ സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പ് കുട്ടികളുടെ ഫോണിലേക്ക് ഒരേ നമ്പറിൽ നിന്നും കോൾ വന്നിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്‌ലത്തിന്‍റെ പേരിലുള്ള സിം കാർഡിൽ നിന്നുമായിരുന്നു കോളുകൾ വന്നത്. ഈ നമ്പറിന്‍റെ മൊബൈൽ ലൊക്കേഷൻ മഹാരാഷ്‌ട്രയിലാണ് കാണിച്ചിരുന്നത്. തുടർന്ന് പൊലീസ് അന്വേഷണം മഹാരാഷ്‌ട്രയിലേക്ക് വ‍്യാപിപ്പിക്കുകയായിരുന്നു.

അതേസമയം മുംബൈയിലെ സലൂണിൽ പെൺകുട്ടികൾ ഹെയർ ട്രീറ്റ്മെന്‍റിനായി 10,000 രൂപ ചെലവഴിച്ചിരുന്നു. ഇതിനിടെ പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് എത്തിയ റഹീം കേരളത്തിലേക്ക് മടങ്ങിയിരുന്നു. വിദ‍്യാർഥിനികളിൽ ഒരാൾ ആവശ‍്യപ്പെട്ടതു പ്രകാരമാണ് യുവാവ് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ യുവാവിന്‍റെ കുടുംബാംഗങ്ങൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും അറിയിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിച്ചെന്നും സഹായിച്ചാലും ഇല്ലെങ്കിലും താൻ പോവുമെന്ന് പെൺകുട്ടി പറഞ്ഞതായും കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയുടെ ദുരാവസ്ഥ കണ്ടാണ് ഇയാൾ കൂടെ പോയതെന്നും കുടുംബാംഗങ്ങൾ വ‍്യക്തമാക്കി.

അതേസമയം കുട്ടികളെ കണ്ടെത്തിയതിൽ വളരെയധികം നന്ദിയുണ്ടെന്ന് വിദ‍്യാർഥിനികളിൽ ഒരാളുടെ രക്ഷിതാവ് പറഞ്ഞു. പുലർച്ചെ രണ്ടു മണിയോടെയാണ് കുട്ടികളെ കണ്ടെത്തിയ കാര‍്യം പൊലീസ് അറിയിച്ചത്. സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ വേണ്ടിയാണ് അവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീട്ടിൽ നിന്നും ഇറങ്ങി പോവാൻ തക്ക കാരണങ്ങളൊന്നും അവർക്കില്ല. അവൾക്ക് മോഡേണായി നടക്കാൻ വല്യ ഇഷ്ടമാണ്. അവർ ടൂർ പോയെന്നാണ് ഞങ്ങൾ കരുതുന്നത്. അവർ തിരികെ വരണം. ഞങ്ങൾ സ്നേഹത്തോടെ ചേർത്തു നിർത്തും- രക്ഷിതാവ് പറഞ്ഞു.

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 49 കാരൻ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും നിപ‍?? മരിച്ച 17 കാരിയുടെ സാമ്പിൾ പൂനൈയിലേക്ക് അയച്ചു; 38 കാരിയുടെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്