സർക്കാർ ഡോക്‌റ്റർമാരുടെ സമരം
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്റ്റർമാരുടെ സമരം മൂന്ന് ദിവസം പിന്നിട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെയ്ക്കാനാണ് തീരുമാനം.
ഒപി ബഹിഷ്കരണം മൂന്നാം ദിവസമായ ബുധനാഴ്ച മെഡിക്കൽ കോളേജിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാൽറ്റി, ലേബർ റൂം, ഐസിയു മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.