ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളെജുകളിലെ ഭൗതിക, മാനവവിഭവശേഷി, ഐടി അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും പരിപാലനത്തിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 45.68 കോടി രൂപ അനുവദിച്ചതായി മന്ത്രി റോജി എം. ജോണ്‍ അറിയിച്ചു. പുതിയ കെട്ടിടങ്ങള്‍, അക്കാദമിക് ബ്ലോക്കുകള്‍, ഭരണകേന്ദ്രങ്ങള്‍, ഐടി സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ വികസന പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കുക.
13.48 കോടി രൂപ എറണാകുളം നോര്‍ത്ത് പറവൂരിലെ കേസരി സർക്കാർ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പുതിയ ഭരണകേന്ദ്രം നിര്‍മിക്കാന്‍ അനുവദിച്ചു. മഹാരാജാസ് കോളേജിലെ ഹോസ്റ്റല്‍, മെസ് കെട്ടിടങ്ങള്‍ക്കായി 5.60 കോടി രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരത്തെ സർക്കാർ കോളെജിൽ ലൈബ്രറിയും ഗവേഷണ ബ്ലോക്കും നിര്‍മിക്കാന്‍ 4.81 കോടി രൂപ അനുവദിച്ചു.
തലശേരിയിലെ സർക്കാർ ബ്രണ്ണന്‍ കോളെജ് ഓഫ് ടീച്ചേഴ്‌സ് എജ്യുക്കേഷന് അടിസ്ഥാനസൗകര്യ വികസനത്തിനായി 2.42 കോടി രൂപയാണ് അനുവദിച്ചത്. കരുനാഗപ്പള്ളി സർക്കാർ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ അക്കാദമിക് ബ്ലോക്കും ചുറ്റുമതിലും നിര്‍മിക്കാന്‍ 1.29 കോടി രൂപ അനുവദിച്ചു.
വടകര മടപ്പള്ളി സർക്കാർ കോളെജില്‍ പുതിയ ആര്‍ട്‌സ് ബ്ലോക്കിനായി 1.34 കോടി രൂപയും, മൂന്നാർ സർക്കാർ കോളെജിൽ ചുറ്റുമതില്‍ നിര്‍മിക്കാന്‍ 1.98 കോടി രൂപയും വകയിരുത്തി.
കെകെടിഎം സർക്കാർ കോളെജിന് 1.27 കോടി രൂപയും, ഏലേരിത്തട്ടിലെ ഇകെഎന്‍എം കോളെജിന് 99.68 ലക്ഷം രൂപയും, തോലന്നൂര്‍ സർക്കാർ കോളെജിന് 98.35 ലക്ഷം രൂപയും തുക അനുവദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ കോളെജുകളെ കൂടുതല്‍ ആകര്‍ഷകവും വിദ്യാര്‍ഥി സൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഗവേഷണ-നവീകരണ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അധ്യാപന-പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍നടപടികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാന്‍ കോളീജിയറ്റ് വിദ്യാഭ്യാസ ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി കൂട്ടിച്ചേർത്തു.