സെല്ലിന്‍റെ കമ്പികൾ ഉപ്പ് തേച്ച് തുരുമ്പിപ്പിച്ചു, അരിഭക്ഷണം ഒഴിവാക്കി; ഗോവിന്ദച്ചാമി ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തോടെ
ഗോവിന്ദച്ചാമി ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. ജയിൽ ചാടാനായി 20 ദിവസത്തോളം നീണ്ട ആസൂത്രണമുണ്ടായെന്നും അതിനായി ശരീര ഭാരം കുറച്ചതായും പൊലീസ് പറയുന്നു. ജയിലിൽ ഗോവിന്ദച്ചാമി അരിയാഹാരം പൂർണമായും ഒഴിവാക്കിയിരുന്നു. ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നത്.
അതീവ സുരക്ഷാ ജയിലിന്‍റെ ഗ്രില്ലാണ് ആദ്യം മുറിച്ചത്. ഗ്രില്ല് തുരുമ്പിക്കാൻ നേരത്തെ തന്നെ ഉപ്പിട്ട് വച്ചിരുന്നു. ഒരു കമ്പി മാത്രം മുറിച്ച് അതിലൂടെയാണ് പൂറത്തു കടന്നത്. പുലർച്ചെ 3.30 ഓടെ ജയിലിൽ നിരീക്ഷണം നടത്തുകയും ഉണക്കാനിട്ട് വസ്ത്രങ്ങൾ എടുത്ത് കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് ഇടുകയുമായിരുന്നു. ഏഴര മീറ്റർ ഉയരമുള്ള മതിൽ ഈ തുണിയുടെ സഹായത്തോടെയാണ് ചാടിക്കടന്നത്.
പുറത്തിറങ്ങിയാൽ എന്ത് ചെയ്യണമെന്ന കൃത്യമായി പ്ലാൻ ഉണ്ടായിരുന്നു. ഇതിനായി ജയിലിലെ ഡ്രഡ് മാറി.
പ്ലാനിങ്ങെല്ലാം ഗോവിന്ദച്ചാമിയുടേതു തന്നെയാണെങ്കിലും മറ്റാരിൽ നിന്നും സഹായം ലഭിച്ചിട്ടില്ലെന്ന് പറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. ജയിലിനുള്ളിലെ സഹായവും ഇയാൾക്ക് കിട്ടിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തും.
അതീവ സുരക്ഷയുള്ള ബി 10 സെല്ലിൽ കിടന്നിരുന്ന ഗോവിന്ദച്ചാമിയെ 6 മാസം മുൻപ് സി 4 ബ്ലോക്കിലേക്ക് മാറ്റുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ അതിക ശ്രദ്ധ എത്താത്ത ഈ ബ്ലോക്ക് ഗോവിന്ദച്ചാമി ചോദിച്ച് വാങ്ങുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് 11 മണിയോടെ കണ്ണൂർ നഗരത്തിന്‍റെ പരിസരത്തുനിന്നും ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമി കെട്ടിടം പൊലീസ് വളഞ്ഞതോടെ ഓടി കിണറ്റിൽ ചാടുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടയത്.