ലോറിയിൽ ഉപ്പാണെന്ന് ഡ്രൈവർ; പരിശോധനയിൽ പിടിച്ചെടുത്തത് 18 ടൺ അരി
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് അനധികൃതമായി അരി കടത്താൻ ശ്രമം. 18 ടൺ അരിയും കടത്താൻ ഉപയോഗിച്ച ലോറിയും ജിഎസ്ടി എൻഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. തിരുവനന്തപുരം നന്ദിയോട് വ‍്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
റേഷനരി പ്ലാസ്റ്റിക് ചാക്കുകളിലാക്കി പൂവാറിലെ സ്വകാര‍്യ മില്ലിലേക്ക് കൊണ്ടു പോവാനായിരുന്നു പദ്ധതി. പൂവാറിലേക്ക് ഉപ്പ് കൊണ്ടുപോവുന്നുവെന്നായിരുന്നു ഡ്രൈവർ വെളിപ്പെടുത്തിയത്.
എന്നാൽ, പരിശോധനയിൽ ചാക്കിനുള്ളിലുള്ളത് റേഷനരിയാണെന്ന് കണ്ടെത്തി. പിന്നാലെ ജിഎസ്ടി ഉദ‍്യോഗസ്ഥർ സിവിൽ സപ്ലൈസ് അധികൃതരെ വിവരം അറിയിക്കുകയും ലോറിയും അരിയും കൈമാറുകയായിരുന്നു.
ലോറി നെടുമങ്ങാട് പഴകുറ്റി വെയർഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ലോറി ഡ്രൈവറെ സ്റ്റേഷൻ ജാമ‍്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.