ശ്രീകൃഷ്ണജയന്തിക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ: നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോൾ കണ്ണന്‍റെ പിറന്നാളിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഗുരുവായൂർ. അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ദർശനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന. അഭൂതപൂർവമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ ആറുമുതൽ നിയന്ത്രണം ഏർപ്പെടുത്തി.
ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവരെ കൊടിമരം വഴി വിടും. അഷ്‌ടമിരോഹിണി നാളിൽ 200ഓളം വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. പതിവിലും നേരത്തെ പുലർച്ചെ നാലു മുതൽ വിവാഹങ്ങൾ നടത്തും.
അഷ്‌ടമിരോഹിണി ആഘോഷത്തിനായി 38,47,700 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. നിവേദിച്ച പാൽപ്പായസമുൾപ്പെടെ വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്‌ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ,എരിശേരി, പൈനാപ്പിൾ പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായവറവ്, അച്ചാർ, പുളിയിഞ്ചി, പപ്പടം, മോര് എന്നിവ ഉൾപ്പെടുന്ന വിഭവങ്ങളാണ് പ്രസാദ ഊട്ടിനുണ്ടാവുക.