തിരുവനന്തപുരം: പകുതിവിലയിൽ ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യല്‍ മെഷീന്‍ തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ കോടതി കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പൊലീസ് നല്‍കിയ 5 ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷിൽ മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും കാര്‍ഷികോപകരണങ്ങളുമെല്ലാം വാങ്ങിനല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ പണം കവര്‍ന്നുകൊണ്ടു പോവുകയായിരുന്നു.
അതിസാധാരണക്കാരായ മനുഷ്യരില്‍ നിന്ന് 1000 കോടിയിലധികം രൂപയാണ് അനന്തു കൃഷ്ണനും സംഘവും കബളിപ്പിച്ചതെന്നാണ് വിവരം. തട്ടിപ്പ് പദ്ധതിക്കിട്ട പേര് വിമന്‍ ഓണ്‍ വീല്‍സ്. പകുതി പണം നേരിട്ട് അനന്തു കൃഷ്ണന്‍റെ അക്കൗണ്ടിലേക്ക് അയക്കണം. ബാക്കി തുക സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ പദ്ധതികളില്‍ നിന്നും എത്തുമെന്ന് വാഗ്ദാനം. ഇത് വിശ്വസിച്ച ആയിരക്കണക്കിന് സ്ത്രീകള്‍ സ്‌കൂട്ടറിന്‍റെ പകുതി പണം പ്രതിയുടെ 3 അക്കൗണ്ടുകളിലായി അയച്ചുനല്‍കി.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. കണ്ണൂരില്‍ നിന്ന് മാത്രം തട്ടിച്ചെടുത്തത് 700 കോടിയിലേറെ രൂപയാണ്. അനന്തു കൃഷ്ണന്‍റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ 3 കോടി രൂപ മാത്രമാണ് നിലവില്‍ ശേഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിപുലമായ മേളകള്‍ സംഘടിപ്പിച്ചായിരുന്നു വിശ്വാസ്യത നേടിയെടുത്തത്. തട്ടിപ്പിനായി 62 സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചു.രാഷ്ട്രീയ നേതാക്കളുടെ സൗഹൃദവും സാന്നിധ്യവുമായിരുന്നു തട്ടിപ്പിന്‍റെ മൂലധനം. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനെ വിവിധ വേദികളില്‍ പദ്ധതി ഉദ്ഘാടകനായി എത്തിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ പദ്ധതിയുടെ നിയമോപദേശകയാക്കി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ഇപ്പോള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇയാളുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.