കുളങ്ങളിലും തോടുകളിലും കുളിക്കരുത്; അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ‍്യവകുപ്പ്
freepik
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിച്ചു വരുന്ന സാഹചര‍്യത്തിൽ രോഗബാധയെ പ്രതിരോധിക്കുന്നതിനു വേണ്ടി നിർദേശങ്ങളുമായി ആരോഗ‍്യവകുപ്പ്. ഒഴുക്ക് കുറഞ്ഞതും മലിനമായതുമായ തോടുകളിലും കുളങ്ങളിലും തടാകങ്ങളിലും കുളിക്കരുതെന്നും നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണമെന്നുമാണ് ആരോഗ‍്യവകുപ്പിന്‍റെ നിർദേശം.
ജലത്തിലെ ക്ലോറിന്‍റെ അളവ് പരിശോധിച്ച ശേഷം നടത്തിപ്പുകാർ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ‍്യവകുപ്പ് ഉദ‍്യോഗസ്ഥരോ ആവശ‍്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണമെന്നും ആരോഗ‍്യവകുപ്പിന്‍റെ നിർദേശത്തിൽ പറയുന്നു.
കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്ന ജലസംഭരണികളിൽ ക്ലോറിനേഷൻ നടത്താനും ആരോഗ‍്യവകുപ്പ് നിർദേശിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ പൊതുജനാരോഗ‍്യ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആരോഗ‍്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.