'ഇതാണോ നവകേരളം..? കൊല്ലത്ത് കൂടി കണ്ണടച്ച് വരാന്‍ കഴിയില്ല'; ഫ്ലക്‌സ് ബോർഡുകൾക്കെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: പൊതു ഇടങ്ങളിൽ നിയമവിരുദ്ധമായി ഫ്ലക്‌സുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതിൽ വിമർശനവുമായി വീണ്ടും ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ടൂറിസത്തിന്‍റെ അടിസ്ഥാന ഘടകമാണ് ശുചിത്വമാണെന്നും അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ലെന്നും സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാർട്ടികൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങൾ എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. ആ വിശ്വാസത്തിനു സർക്കാർ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചിലരെന്നും നിരത്തിൽ നിറയെ ബോർഡുകൾ ഉള്ളതല്ല നിങ്ങൾ പറയുന്ന നവകേരളമെന്നും കോടതി കുറ്റപ്പെടുത്തി.