കൊച്ചി: ശമ്പളവിതരണം വൈകുന്നതിൽ കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഈ മാസം 20-ാം തീയതിക്കുള്ളിൽ ശമ്പളം അനുവദിച്ചില്ലെങ്കിൽ എംഡി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദേശം നൽകി.
സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലതാമസം വരുത്താതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
മാസം 220 കോടി രൂപയുടെ വരുമാനമുണ്ടായിട്ടും എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോവുന്നത് മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.