കെ. മുരളീധരൻ | കെ.ജെ. റീന
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്റ്റർ സ്ഥാനത്തു നിന്ന് ഡോ.കെ.ജെ. റീനയെ മാറ്റിയ നടപടിയെ ശരി വച്ച് ഹൈക്കോടതി. സ്ഥാനമാറ്റ ഉത്തരവിനെതിരേ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ പുറപ്പെടുവിച്ച സ്റ്റേ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ്മാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. റീനയ്ക്ക് പകരം നിയമിച്ച ഡോ. വി. മീനാക്ഷി ജൂൺ 13ന് തന്നെ അധികച്ചുതമല ഏറ്റെടുത്തതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.
ഇത്തരം സാഹചര്യത്തിൽ ട്രൈബ്യൂണൽ ഇടക്കാല സ്റ്റേ അനുവദിച്ച ഗുരുതരമായ പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ രണ്ടാം കക്ഷിയായ ഡോ. മീനാക്ഷിക്ക് നോട്ടീസ് അയക്കേണ്ടതില്ലെന്നും സ്ഥലം മാറ്റ വിഷയത്തിലുള്ള റീനയുടെ ഹർജി ട്രൈബ്യൂണൽ പരിഗണിച്ചു തീർപ്പാക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്റ്ററായാണ് റീനയെ മാറ്റി നിയമിച്ചത്.
സ്ഥലം മാറ്റത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സർക്കാർ ആരോപിക്കുന്ന പ്രകാരം പകർച്ച വ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്തതിനെ ചോദ്യം ചെയ്തു കൊണ്ട് സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥയെ മാറ്റി നിയമിക്കാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
സ്ഥലം മാറ്റത്തിൽ ട്രൈബ്യൂണൽ സ്റ്റേ ലഭിച്ചതിനു പിന്നാലെ ഡിഎച്ച് ആസ്ഥാനത്ത് രണ്ട് ഉദ്യോഗസ്ഥരും ജോലി ചെയ്യാനായി എത്തിയത് നാടകീയ സംഭവങ്ങൾക്ക് അരങ്ങൊരുക്കിയിരുന്നു. അധികച്ചുമതല ലഭിച്ച ഡോ. വി. മീനാക്ഷി ഡിഎച്ച്എസ് കസേരയിൽ നിന്ന് മാറില്ലെന്ന് വ്യക്തമാക്കിയതോടെ മറ്റൊരു കസേരയിട്ട് ഡോ. റീന ജോലി ചെയ്യുകയായിരുന്നു.