തിരുവനന്തപുരം: സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റ് ഉറപ്പാക്കുമെന്നു പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി - അപ്പർ പ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ - ഹയർസെക്കൻഡറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100 എംബിപിഎസ് വേഗതയിലും ബിഎസ്എന്‍എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു.
പ്രൈമറി തലത്തില്‍ ആദ്യ 4 വർഷവും സെക്കൻഡറിതലത്തില്‍ ആദ്യ 5 വർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണു ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിനു പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. ഈ സാഹചര്യത്തിലാണു കിഫ്ബി പദ്ധതി പൂർത്തിയാകുന്ന മുറയ്ക്ക് കെഫോണ്‍ പദ്ധതി വഴി സ്കൂളുകള്‍ക്ക് സൗജന്യ ഇന്‍റർനെറ്റ് തുടർന്ന് നല്‍കാന്‍ സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് 1 മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർവഹണ ഏജന്‍സിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കുകയും ചെയ്തു. എല്ലാ ഹൈടെക് ക്ലാസ് മുറികളിലും (45,000 ക്ലാസ് മുറികള്‍) ഇന്‍റർനെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്കൂളുകളില്‍ സെപ്തംബർ 20ഓടെ ഇന്‍റർനെറ്റ് കണക്ഷന്‍ പൂർത്തിയാക്കും എന്നാണ് കെഫോണ്‍ അറിയിച്ചിരുന്നത്.
എന്നാല്‍ കെഫോണിന്‍റെ പ്രവർത്തനം പൂർണരൂപത്തില്‍ എത്താത്തതുമൂലമുള്ള കുറവുകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്നും ഒക്റ്റോബറോടെ മുഴുവന്‍ ഹൈടെക് സ്കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും കെഫോണ്‍ അറിയിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലും സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ലഭിക്കാനും, കണക്ഷന്‍ ഇല്ലാത്തിടത്ത് ലഭിക്കാനും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. സാങ്കേതിക പ്രശ്നങ്ങളാല്‍ കെഫോണ്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാല്‍ ബദല്‍ സംവിധാനമൊരുക്കും. ഒക്റ്റോബർ 30 ഓടെ ഹൈടെക് സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉറപ്പാക്കാൻ ആകുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.