ഹിന്ദു പാർലമെന്‍റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ
കോട്ടയം: എൻഎസ്എസിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമെന്ന് ഹിന്ദു പാർലമെന്‍റ്. എൻഎസ്എസ് സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതിൽ നടത്തുന്ന വ്യാജപ്രചരണങ്ങൾ അസ്ഥാനത്താണെന്നും ഹിന്ദു പാർലമെന്‍റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ പ്രതികരിച്ചു. സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല ആചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ രണ്ടു സംഘടനകളാണ് എൻഎസ്എസും ഹിന്ദു പാർലമെന്‍റുമെന്നും അദ്ദേഹം പ്രതികരിച്ചു. അന്നും ഇന്നും ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് മാറ്റാത്തവരാണ് ഈ രണ്ടു സംഘടനകളെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി വന്നപ്പോൾ ഇടതും, വലതും, സംഘപരിവാറും ഭരണഘടനയും പുരോഗമനവും പറഞ്ഞ് യുവതികളെ ശബരിമലയിൽ കയറ്റുന്നതിന് അനുകൂലമായിരുന്നു എന്നത് ചരിത്രം. പിന്നീട് ഭക്തരുടെ വികാരം മാനിച്ചുകൊണ്ട് സംഘപരിവാർ രാത്രിക്ക് രാത്രി തീരുമാനം മാറ്റി നാമജപത്തിന് ഒപ്പം ഇറങ്ങി. അതുവരെ ശബരിമലയിൽ പോയി യുവതികളെ തടഞ്ഞ ഞങ്ങൾ സംഘപരിവാർ തടയാൻ വന്നപ്പോൾ മലയിറങ്ങി. എൽഡിഎഫ് കോടതി വിധി നടപ്പാക്കാൻ തീരുമാനിച്ചു. നാട് നന്നാവാൻ നവോഥാനം വേണമെന്നു പറഞ്ഞു സർക്കാർ രൂപീകരിച്ച നവോഥാന സമിതിയിൽ ഹിന്ദു പാർലമെന്‍റ് അംഗങ്ങളായ 86 സമുദായങ്ങൾ സഹകരിച്ചിരുന്നു. മുഖ്യമന്ത്രി എന്നെ ജോയിന്‍റ് കൺവീനറാക്കുകയും ചെയ്‌തു. ശബരിമലയുമായി നവോഥാന സമിതിയ്ക്കു ബന്ധം ഇല്ല എന്നു പറഞ്ഞാണ് ഞങ്ങൾ അതിൽ ചേർന്നത്. യുവതികളെ സർക്കാർ ശബരിമലയിൽ പ്രവേശിപ്പിച്ചപ്പോൾ ഞങ്ങളുടെ അംഗ ഹിന്ദു സമുദായങ്ങളും ഞാനും അതിൽ നിന്നും പിന്മാറിയെന്നും സുഗതൻ പറഞ്ഞു.
ഇപ്പോഴത്തെ വിഷയം സർക്കാർ അയ്യപ്പ സംഗമം നടത്തി ആചാര ലംഘനം നടത്തില്ല, ശബരിമല വികസനം മാത്രം ലക്ഷ്യമെന്ന് സർക്കാർ എൻഎസ്എസിന് ഉറപ്പ് നൽകി. എൻഎസ്എസ് അതിനെ എതിർത്തില്ല. അതുകൊണ്ട് എൻഎസ്എസ് സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചു എന്നു പറഞ്ഞ് നടത്തുന്ന വ്യാജപ്രചരണങ്ങൾ അസ്ഥാനത്താണ്. എൻഎസ്എസ് നിലപാട് മാറ്റിയതായി ഞങ്ങൾക്ക് അറിവില്ല. മാത്രവുമല്ല കേന്ദ്രം ഭരിക്കുന്ന ബിജെപി ശബരിമലയ്ക്കു വേണ്ടി ഒന്നും ചെയ്‌തില്ല. യുഡിഎഫ് ആണെങ്കിൽ കരയ്ക്കിരുന്ന് രാഷ്ട്രീയ ലാഭം കൊയ്യുന്നു എന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്‌താവന ശരിയുമാണ്. അതിനെ ഹിന്ദു പാർലമെന്‍റ് അംഗീകരിക്കുന്നുവെന്നും സുഗതൻ പറഞ്ഞു.
ഭക്തരോടുള്ള സിപിഎമ്മിന്‍റെ പഴയ നിലപാട് അവർ തിരുത്തിയത് രാഷ്ട്രീയ ലാഭം കൊയ്യാനാണെന്നു ഹിന്ദു പാർലമെന്‍റ് കരുതുന്നു. അതുകൊണ്ട് ഞങ്ങൾ സംഘപരിവാർ നടത്തിയ പന്തളം സംഗമത്തിലാണ് പങ്കെടുത്തത്. സിപിഎമ്മിന്‍റെ രാഷ്ട്രീയത്തെ എതിർക്കേണ്ടത് ബിജെപിയുടെയും യുഡിഎഫിന്‍റെയും ആവശ്യമാണ്. എന്നാൽ രാഷ്ട്രീയക്കാർ തുള്ളുന്നതിനനുസരിച്ചു സമുദായ സംഘടനകൾക്ക് തുള്ളാൻ ആകില്ല എന്നാൽ ഇടതു പക്ഷത്തിന്‍റെ ഭാഗമായി നിന്ന് തുള്ളി എൽഡിഎഫിനെ സഹായിക്കുന്ന വെള്ളാപ്പള്ളിയെ ബിജെപി വിമർശിക്കുന്നില്ല എന്നത് തിരിച്ചറിയേണ്ട കാര്യമാണ്. അച്ഛനും മകനും തമ്മിലുള്ള അഡ്‌ജസ്റ്റ്‌മെന്‍റ് രാഷ്ട്രീയത്തിന് കൂട്ടുപിടിക്കുന്ന ബിജെപിയോട് സഹതാപം മാത്രമാണുള്ളതെന്നും സി.പി. സുഗതൻ കോട്ടയത്ത് പറഞ്ഞു. പി.ബി. കരുണാദാസ്, ഡോ. ബി.കെ. അശോക്, കെ.കെ. ശശി, അഡ്വ. സി. ഭാസ്കരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.