ഹണി റോസിന്‍റെ മൊഴിയെടുത്തു; കൂടുതല്‍ അറസ്റ്റ് ഉണ്ടാകും, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ file
Kerala

ഹണി റോസിന്‍റെ മൊഴിയെടുത്തു; കൂടുതല്‍ അറസ്റ്റ് ഉണ്ടാകും, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ

കമന്‍റുകൾ വ്യാജ ഐഡികളിൽ നിന്നാണെങ്കിലും കുടുങ്ങും

കൊച്ചി: സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. സൈബർ ആക്രമണത്തിൽ നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. ഹണി റോസിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്.

നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്‍റ് രേഖപ്പെടുത്തിയാൽ സ്വമേധയാ കേസെടുക്കാനാണ് തീരുമാനം. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടും.

ഹണി റോസിന്‍റെ മൊഴിയിൽ കൂടുതല്‍ അറസ്റ്റുകൾ ഉണ്ടായേക്കും. നേരത്തെ നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോസ്റ്റിന് താഴെ അശ്ലീല കമന്‍റിട്ട എറണാകുളം കുമ്പളം സ്വദേശിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഇതിനായി, സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നടിക്ക് അമ്മ സംഘടനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്ന വ്യക്തിക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ട് ഹണി റോസ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്ക് വച്ചിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും, എന്നാൽ ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി.

ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്‍റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്‍റെ പേര് മനഃപൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്‍റു കൾ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പിൽ പറയുന്നു.

അയാൾ ദ്വയാർഥ പ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്‍റ് ആസ്വദിക്കുന്നതുകൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണെന്നോ എന്ന് അടുപ്പമുള്ളവർ ചോദിക്കുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ കുറിപ്പെന്നും ഹണി റോസ്.

പണത്തിന്‍റെ ധാർഷ്‌​ട്യ​ത്തിൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ. അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ. ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും നടി കുറിച്ചു.

ആക്സിയം -4 ദൗത്യം: ശുഭാംശു ജൂലൈ 15ന് ഭൂമിയിലെത്തും

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അവശേഷിക്കുന്നത് 26 ചീറ്റകൾ

മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി? മൂന്ന് സാധ്യതകൾ നിർണായകം

"നിങ്ങളെന്തിനാ‍ണ് സ്വിച്ച് ഓഫ് ചെയ്തത്?" കോക്പിറ്റിലെ സംഭാഷണം പുറത്ത്