ആനക്കയത്തിനടുത്തു കുമ്മാട്ടിയിൽ കലുങ്ക് തകർന്ന ഭാഗം.
കെ.കെ. ഷാലി
അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതൽ സമ്പൂർണ ഗതാഗതനിരോധനം. ആനക്കയത്തിനടുത്തു കുമ്മാട്ടിയിൽ കലുങ്ക് പുനർ നിർമിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം.
കുമ്മാട്ടിയിൽ കലുങ്ക് ഇടിഞ്ഞതോടെ ഒക്റ്റോബർ 31 മുതൽ ഭാഗികമായി ഗതാഗതം നിരോധിച്ചിരുന്നു. സ്ഥിരമായി പോയിരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകളെ മാത്രമാണ് കടത്തിവിട്ടിരുന്നത്. അപകടസാധ്യത പരിഗണിച്ച് യാത്രക്കാരെ ഇറക്കിയാണ് ഈ വാഹനങ്ങൾ കടന്നു പോയിരുന്നത്. വാനുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും അനുമതി നൽകിയിരുന്നു.
നവംബർ പത്തിനുള്ളിൽ കലുങ്കിന്‍റെയും റോഡിന്‍റെയും നിർമാണം പൂർത്തിയാക്കണമെന്ന് ജില്ലാ കലക്റ്റർ നിർദേശി ച്ചിരുന്നു. സമാന്തര റോഡ് നിർമിച്ചശേഷമാണ് കലുങ്ക് പൊളിക്കേണ്ടത്. ഈ ഭാഗത്തെ മരങ്ങൾ മുറിക്കാൻ വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ സമാന്തരപാതയുടെ നിർമാണം മുടങ്ങി. തുടർച്ചയായി വാഹനങ്ങൾ കടത്തിവിട്ടതോടെ കലുങ്ക് ശോച്യാവസ്ഥയിലുമായി.
മരം മുറിക്കുന്നതിനും റോഡു പണിക്കുള്ള സാമഗ്രികളും യന്ത്രങ്ങളും സൂക്ഷിക്കാനും വനം വകുപ്പിൽനിന്ന് അനുവാദം ലഭിക്കാത്തതിനാൽ പൊതുമരാമത്തു വകുപ്പിന് സമാന്തരപാത നിർമാണം തുടങ്ങാൻ സാധിച്ചിട്ടില്ല. അതിരപ്പിള്ളിയിൽനിന്ന് പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും വനംവകുപ്പിന്‍റെ വാഴച്ചാൽ ചെക്ക് പോസ്റ്റ് വരെയേ കടത്തിവിടുന്നുള്ളൂ. തമിഴ്നാട്ടിൽനിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ തടയും.
വനം വകുപ്പ് അനുമതി നൽകിയാൽ റോഡിന്‍റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മരം മുറിക്കുന്നതിനും യന്ത്രസാമഗ്രികളും മറ്റും സൂക്ഷിക്കുന്നതിനുമുള്ള അനുമതിക്കായി നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് വാഴച്ചാൽ ഡിഎഫ്ഒ ഐ.എസ്. സുരേഷ് ബാബു അറിയിച്ചു.