നിക്ഷേപ തുക ചോദിച്ചപ്പോൾ നൽകിയില്ല, അപമാനിച്ചു; ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി 
Kerala

നിക്ഷേപ തുക ചോദിച്ചപ്പോൾ നൽകിയില്ല, അപമാനിച്ചു; ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

സാബുവിന്‍റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി

Namitha Mohanan

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്.

നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കിലെത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ സാബുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നത്. വ്യാഴാഴ്ച ഭാര്യയുടെ ചികിത്സാര്‍ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയെങ്കിലും ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആത്മഹത്യ.

സാബുവിന്‍റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. സാബുവിന്‍റെ പാന്‍റ്സിന്‍റെ പോക്കറ്റിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചില്ലെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്. ആത്മഹത്യക്കു പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി.

ഇനി ആ പ്രതീക്ഷ വേണ്ട; നവംബറിൽ കേരളത്തിലേക്ക് മെസി വരില്ല

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ