Kerala

മഹത്തായ മതേതര മാതൃക ബാക്കിവെച്ച് ജമീലയുമ്മ യാത്രയായി

കളമശേരി: കണ്ണൻകുളം ഇലവുങ്കൽ പറമ്പ് വീട്ടിൽ താമസിക്കുന്ന പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ നമ്പ്യത്ത് വീട്ടിൽ സി. ജമീല ഹജുമ്മ (100) അന്തരിച്ചു. നൂറാം വയസ്സിൽ മരണമടഞ്ഞ ജമീല ഹജുമ്മ മത ചിട്ടകൾ കൈവിടിയാതെ ജീവിച്ചു കാട്ടിയത് മഹത്തായ മതേതര മാതൃക. ഇസ്ലാമിക ചര്യകൾ പാലിച്ചുകൊണ്ടാണ് ഹിന്ദുവായ മകൾ നാരായണിക്കുട്ടിക്കും പേരക്കുട്ടികൾക്കുമൊപ്പം കളമശേരി കണ്ണൻ കളങ്ങരയിലെ ഇലവുങ്കൽ വീട്ടിൽ 20 വർഷമായി കഴിഞ്ഞത്.

ആദ്യ ഭർത്താവ് ബാലകൃഷ്ണന്റെ മരണശേഷമാണ് പാലക്കാട് സ്വദേശി മരയ്ക്കാരെ കല്യാണം കഴിച്ച് ഇസ്ലാം മതം സ്വീകരിച്ചത്. മരയ്ക്കാരുടെ മരണശേഷമാണ് മകൾക്കൊപ്പം താമസമാക്കിയത്. ഭർത്താവിന്റെ വീട്ടുകാരും കുടുംബാംഗങ്ങളുമായി ജമീലയുടെ മകളും കൊച്ചുമക്കളും അടുത്ത ബന്ധം പുലർത്തിപ്പോന്നിരുന്നു. മരയ്ക്കാറിൻ്റെ വീട്ടിലെ എല്ലാ കാര്യങ്ങളും മുതിർന്ന അംഗം എന്ന നിലയ്ക്ക് ജമീലയുമ്മയുമായി തീരുമാനിച്ചാണ് നടത്തിയിരുന്നത്.

കളമശേരിയിലെ വീട്ടിൽ പ്രത്യേകം മുറിയിലാണ് ജമീലയുമ്മ ദിവസേനയുള്ള നിസ്കാരത്തിനും നോമ്പ് പിടിക്കലിനും തടസ്സമില്ലാതെ ജീവിച്ചു പോന്നത്. വായ്യാതായപ്പോൾ നോമ്പ് പിടിക്കാനും നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ മകൾ തയ്യാറാക്കി നൽകിയിരുന്നു.

ഒരു കുടുബത്തിലെ രണ്ടു മതത്തിൽ പെട്ടവർ വിശ്വാസത്തെ പരസ്പരം മാനിച്ച് ജീവിച്ചു പോന്നത് പ്രദേശത്തുള്ളവർ കൗതുകത്തോടെയാണ് കണ്ടത്. ജമീലയുമ്മടെ കൊച്ചുമകൻ കെ ടി മനോജ്, സിപിഐ എം കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമാണ്.

ജമീലയുമ്മയുടെ മയ്യത്ത് നമസ്കാരം കളമശേരിയിൽ വെച്ച് നടത്തിയ ശേഷം മൃതദേഹം രാത്രി ഒമ്പതോടെ പാലക്കാട്ടെ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുപോയി. ഖബറടക്കം വെള്ളി രാവിലെ 9.30ന് കരിമ്പുഴ കൂട്ടിലെക്കടവ് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭർത്താവ്: പരേതനായ മരയ്ക്കാർ. മകൾ: നാരായണിക്കുട്ടിയമ്മ. മരുമകൻ: പരേതനായ താച്ചുക്കുട്ടി കർത്ത.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന