കണ്ണൂർ കീഴറയിൽ സ്ഫോടനം; മരിച്ചത് മാട്ടൂൽ സ്വദേശിയെന്ന് സൂചന, കേസെടുത്ത് പൊലീസ്
കണ്ണൂർ: കണ്ണൂർ കീഴറയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരേ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസ്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. മരിച്ചത് ഇയാളുടെ തൊഴിലാളി മാട്ടൂൽ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ച പുലർച്ചെ 1.50 ഓടെയായിരുന്നു സ്ഫോടനം. വീട് പൂർണമായും തകർന്നു. സ്ഫോടക വസ്തു നിർമാണത്തിനിടെയാണ് അപകടമെന്നാണ് വിവരം. അനൂപും തൊഴിലാളിയും രാത്രികാലങ്ങളിൽ ഇവിടെ വന്നു പോവാറുണ്ടായിരുന്നെന്ന് അയൽ വാസികൾ പറയുന്നു. ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോവാണ് വീട് പൂർണമായും തകർന്ന നിലയിൽ കണ്ടെത്തിയത്. അകത്ത് കയറി നോക്കിയപ്പോൾ ചിന്നിച്ചിതറിയ നിലയിൽ ഒരു മൃതദേഹം കണ്ടുവെന്നും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നെന്നും അയൽ വാസികൾ പറയുന്നു.