'എന്തും സംഭവിച്ചേക്കാം, ആക്രമിക്കപ്പെട്ടേക്കാം'; സിപിഐഎം നേതാക്കള്‍ വീട്ടിലെത്തി താക്കീത് നൽകിയെന്ന് സീന 
Kerala

'എന്തും സംഭവിച്ചേക്കാം, ആക്രമിക്കപ്പെട്ടേക്കാം'; സിപിഎം നേതാക്കള്‍ വീട്ടിലെത്തി താക്കീത് നൽകിയെന്ന് സീന

തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായി യുവതി

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രദേശവാസിയായ പ്രദേശവാസിയായ എം സീനയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായി യുവതിയുടെ ആരോപണം. തനിക്കും തന്‍റെ വീട്ടുകാർക്കും എന്തും സംഭവിച്ചേക്കാം എന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന പറഞ്ഞു. ബുധനാഴ്ച താൻ പ്രതികരിച്ചതിനുശേഷം മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തി രക്ഷിതാക്കൾക്ക് താക്കീത് നൽകി. മകളെ നിലക്ക് നിര്‍ത്തണമെന്നും പറഞ്ഞു മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു താക്കീത്. ഒരു പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിര്‍മാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടില്‍ സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് തുറന്ന് പറഞ്ഞതെന്നും സീന പറഞ്ഞു.

തലശേരി എരഞ്ഞോളിയിൽ വർഷങ്ങളായി സ്ഥിരം ബോംബ് നിർമാണം നടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ അയൽവാസിയായ യുവതിയുടെ വെളിപ്പെടുത്തൽ. ഇവിടെ ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണ്. ആരെങ്കിലും അതു തുറന്നുപറഞ്ഞാൽ അവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും- പറമ്പിൽ നിന്നു കിട്ടിയ സ്റ്റീൽ പാത്രം തുറന്നപ്പോൾ കൊല്ലപ്പെട്ട എരഞ്ഞോളി കുടക്കളം ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധന്‍റെ (85) അയൽവാസി സീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വേലായുധന്‍റെ വീട് സന്ദര്‍ശിച്ച നിയുക്ത വടകര എംപി ഷാഫി പറമ്പിലിന്‍റെ സാന്നിധ്യത്തിലായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

"പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്. ആരെങ്കിലും തുറന്നുപറഞ്ഞാൽ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. പിന്നെയിവിടെ ജീവിക്കാൻ അനുവദിക്കില്ല. ഒഴിഞ്ഞുകിടക്കുന്ന വീടുകളൊക്കെ അവരുടെ, പാർട്ടിക്കാരുടെ, ഹബ്ബാണ്. ഞങ്ങള്‍ സാധാരണക്കാരാണ്. മരിച്ചതും സാധാരണക്കാരനാണ്. ഞാൻ ഇതൊക്കെ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. തുറന്നുപറയുന്നതിനാൽ ഞങ്ങളുടെ വീടിനും ബോംബെറിയും. ആരു പറഞ്ഞോ അവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. പിന്നെ ഞങ്ങളെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല. നിങ്ങൾക്കു സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക''- കൈകൂപ്പിക്കൊണ്ട് അവർ പറഞ്ഞു.

""ഇവിടെ അടുത്താണ് മുമ്പ് ഒരു ബിജെപിക്കാരന്‍റെ കാലു വെട്ടിയത്. പലരും പേടിച്ചിട്ടാണ് പുറത്തുപറയാത്തത്. ഞങ്ങൾ സാധാരണക്കാർക്ക് ഇവിടെ ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കണം. അത് അവകാശമാണ്. ബോംബ് പൊട്ടി മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മക്കൾക്കു ഭയമില്ലാതെ പറമ്പിലൂടെ പുറത്തിറങ്ങി കളിക്കാൻ കഴിയണം. അവർ ബോംബ് വീണു മരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ?

15 കൊല്ലം മുമ്പ് ഞങ്ങൾ വാടകയ്ക്ക് നൽകിയിരുന്ന വീടിന്‍റെ പറമ്പില്‍ നിന്ന് മൂന്നു ബോംബുകള്‍ ലഭിച്ചിരുന്നു. തുടർന്ന് താമസക്കാർ ഒഴിഞ്ഞുപോയി. പൊലീസ് അറിയാതെ സിപിഎം പ്രവര്‍ത്തകര്‍ അവ എടുത്തുമാറ്റി. ഇപ്പോൾ ഒരാൾ കൊല്ലപ്പെട്ടതിനാലാണ് ഇക്കാര്യങ്ങളൊക്കെ പുറത്തേക്കു വരുന്നത് ''- അടുത്തുനിന്ന സ്വന്തം അമ്മ വിലക്കിയിട്ടും യുവതി വെളിപ്പെടുത്തി. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ പറയുമെന്നും, ഇനി എത്രനാൾ പിടിച്ചുനിൽക്കാൻ പറ്റുമെന്നും അവർ അമ്മയോടു തിരിച്ചു ചോദിച്ചു.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്