മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു
കണ്ണൂർ: ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തി നശിച്ചു.
വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
ഡ്രൈവറും, സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി. ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ഇരിട്ടിയിൽ നിന്ന് വിരാജ്പേട്ടയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് യാത്രക്കാരെ അവിടെ ഇറക്കി തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.