കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു.
വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്‍റെ വിശ്വസ്തനാണ് അരവിന്ദാക്ഷന്‍. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. അവിടെ നിന്ന് കൊച്ചിയിലേക്കു എത്തിക്കും.
കരുവന്നൂർ കേസിൽ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കുന്നത്. വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. ഒന്നാം പ്രതി സതീഷ്കുമാറുമായും ഇയാൾക്ക് ഉറ്റബന്ധമുണ്ട്.
ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥന്‍ മർദിച്ചെന്ന് ആരോപിച്ച് എറണാകുളം സെന്‍ട്രൽ പൊലീസിനു പരാതി നൽകിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം 12നാണ് അരവിന്ദാക്ഷനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
തന്നെ തുടർച്ചയായി മർദ്ദിച്ചെന്നും കഴുത്തിലിടിച്ചെന്നും അരവിന്ദാക്ഷൻ ആരോപിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ദിവസങ്ങൾ കഴിഞ്ഞ ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ഇഡി വ്യക്തമാക്കുകയായിരുന്നു.