കാസര്‍കോട് ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു
കാസര്‍കോട്: നിര്‍മാണം നടക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. പാറയും മണ്ണും റോഡിൽ പതിച്ചു. ദേശീയ പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. തുടർന്ന് ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. ഈ സമയം, പോവുകയായിരുന്ന ഒരു കാർ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
ജൂൺ മാസത്തിലും വീരമല കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി അശാസ്ത്രീയമായി വീരമല കുന്ന് ഇടിച്ചതാണ് അപകടത്തിന് കാരണം എന്ന തെളിഞ്ഞതോടെ കരാര്‍ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിന് പിഴ ചുമതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.