ആലപ്പുഴ: ആന്‍റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരേ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. ഇതോടെ സർക്കാർ ആശുപത്രികളിൽ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു. നിലവിൽ സാമ്പത്തികവര്‍ഷം തീരാറായിട്ടും സര്‍ക്കാര്‍ ആശുപത്രി ഫാര്‍മസികളില്‍ ആന്‍റിബയോട്ടിക്കുകൾ ബാക്കിയാണ്.
സംസ്ഥാനമൊട്ടാകെ ആന്‍റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. മുന്‍ വർഷങ്ങളിൽ ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആന്‍റിബയോട്ടിക്കുകള്‍ തീരും. പിന്നീട് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എത്തിക്കുകയായിരുന്നു പതിവ്. ഇക്കുറി അതു വേണ്ടിവരില്ല.
ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം പലരോഗങ്ങളെയും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന ഇതിനെ വിലയിരുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കർശന നടപടിയുമായി എത്തിയത്.
സ്വകാര്യ ആശുപത്രികളിലെ ആന്‍റിബയോട്ടിക് ദുരുപയോഗം തടയുകയാണ് അടുത്തലക്ഷ്യം. ബോധവത്കരണത്തിലൂടെയും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയും അവരെയും ഇതിന്‍റെ ഭാഗമാക്കാനാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്.