തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും നൽകാനുള്ള കുടിശിക ഇനത്തിൽ 2500 കോടി രൂപ മാർച്ചിനുള്ളിൽ വിതരണം ചെയ്യുമെന്ന് ബജറ്റ് പ്രഖ്യാപനം.
ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു എന്ന നിലയിൽ ജീവനക്കാർക്ക് 1900 കോടി രൂപയാണ് നൽകുന്നത്. പെൻഷൻ പരിഷ്കരണ കുടിശിക 600 കോടി രൂപയും കൊടുത്തു തീർക്കും. ഈ മാസവും അടുത്ത മാസവുമായി ആദ്യ ഗഡു വിതരണം പൂർത്തിയാക്കുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പ്രഖ്യാപനം.
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയും രണ്ടു ഗഡുവിന്‍റെ ലോക്ക്-ഇൻ പീരിയഡും മാർച്ചിനുള്ളിൽ ഒഴിവാക്കും. ഇതോടെ ഈ രണ്ടു ഗഡുവും ജീവനക്കാർക്ക് ആവശ്യമെങ്കിൽ പിൻവലിക്കാനാകും. ഡിഎ കുടിശികയുടെ രണ്ട് ഗഡു പിഎഫിലേക്ക് ലയിപ്പിക്കാനാണ് തീരുമാനം.