സംസ്ഥാനത്ത് അതിതീവ്രമഴ; പുഴകൾ കരകവിഞ്ഞൊഴുകുന്നു, വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. കാലാവസ്ഥ വകുപ്പിന്‍റെ പുതുക്കിയ മഴമുന്നറിയിപ്പു പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ചയോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വയനാട് മുത്തങ്ങയിൽ കല്ലൂർപുഴ കരകവിഞ്ഞൊഴുകി. ചൂരൽമല പുന്നപ്പുഴയിൽ കുത്തൊഴുക്ക് തുടരുകയാണ്. ബെയ്ലി പാലത്തിന്‍റെ സംരക്ഷണ ഭിത്തിയിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. പുഴംകുനി ഉന്നതിയില്‍ വെള്ളംകയറി കബനി നദിയിൽ പ്രളയസാധ്യത മുന്നറിയിപ്പ് നല്‍കി.
എറണാകുളം പറവൂരിൽ കുന്നുകരയിൽ വീടുകളിൽ വെള്ളം കയറി. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു. മൂവാറ്റുപുഴ, തൊടുപുഴ ആറുകളിൽ ജനനിരപ്പുയരുന്നു. പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറന്നു.