Fog in high range 
Kerala

അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം: തണുത്തുവിറച്ച് മലയോര മേഖല

മലയോരത്ത് കടുത്ത ശൈത്യം; കാലാവസ്ഥാ വിദഗ്ധർ ആശങ്കയിൽ

കൊച്ചി: മലയോര മേഖലകളിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടുതുടങ്ങിയതോടെ ഇതുവരെ കാണാത്ത തരത്തിലുള്ള കാലാവസ്ഥാമാറ്റത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് കാലാവസ്ഥാ വിദഗ്ധർ പഠനം തുടങ്ങി. ആഗോളതാപനവും എൽ-നിനോ പ്രതിഭാസവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് മെറ്റ്‌ബിറ്റ് വെതർ അധികൃതർ പറയുന്നു. തമിഴ്നാട്ടിലെ മലയോര മേഖലയിലെ അതിശൈത്യം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. വൈകിയാണ് തണുപ്പ് തുടങ്ങിയത്. അത് കൊടുംതണുപ്പായി മാറിയത് നീലഗിരിക്ക് വെല്ലുവിളിയായി. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തണമെന്ന് കാലാവസ്ഥാ വിദഗ്ധർ ആവശ്യപ്പെടുന്നു.

നീലഗിരി ജില്ലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. സാൻഡിനല്ല റിസർവോയർ മേഖലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഉദഗമണ്ഡലത്തിലെ കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ കനത്ത മഴയും തുടർന്നുള്ള തണുപ്പും നീലഗിരിയിലെ തേയിലതോട്ടത്തെ ബാധിച്ചതായി പ്രാദേശിക തേയില തൊഴിലാളികൾ പറയുന്നു. വരും മാസങ്ങളിൽ തേയില ഉൽപാദനം കുറയാൻ സാധ്യതയുണ്ട്. കാബേജ് കൃഷിയെയും കാലാവസ്ഥാ മാറ്റം ബാധിച്ചിട്ടുണ്ട്.

തണുപ്പുകാരണം ജോലിക്ക് പോകാൻ ബുദ്ധിമുട്ടാണെന്ന് തൊഴിലാളികൾ പറയുന്നു. ഇടതൂർന്ന മൂടൽമഞ്ഞ് കാരണം പ്രദേശത്ത് കാഴ്ചപരിമിതി കുറഞ്ഞിരിക്കുകയാണ്. പുൽമൈതാനങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. തേയിലകൃഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തണുപ്പ് കാരണം ജനങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇത്ര തണുപ്പും വരണ്ട കാലാവസ്ഥയും ഇവിടെ അസാധാരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. പലയിടത്തും ആളുകൾ തീ കത്തിച്ച് ചൂട് പിടിക്കുന്ന അവസ്ഥയാണ്‌.

കേരളത്തിലും വലിയ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജനുവരി മാസത്തെ പതിവുള്ള പുലർകാല തണുപ്പ് ഇത്തവണ ഉണ്ടായില്ല. ഡിസംബർ ജനുവരി മാസങ്ങളിൽ ആയി തുടർന്ന ചക്രവാതചുഴികളും ന്യൂനമർദ്ദവും കേരളത്തിൽ ശക്തമായ മഴ നൽകുകയും തണുപ്പിനെ അകറ്റുകയും ചെയ്തു. തുലാവർഷക്കാറ്റ് അഥവാ വടക്കു കിഴക്കൻ മൺസൂണിന്‍റെ ഭാഗമായുള്ള കാറ്റ് പൂർണമായും ദക്ഷിണേന്ത്യയിൽ നിന്ന് വിടവാങ്ങിയതോടെ ഇനി സ്വാഭാവികമായുള്ള ശൈത്യകാലത്തിന് തുടക്കം ആവുകയാണ്.

കേരളത്തിലും ഇനി പതിയെ ശൈത്യം അനുഭവപ്പെട്ടു തുടങ്ങുമെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴ പാത്തിയുടെ സഞ്ചാരവും ഇപ്പോൾ കേരളത്തിൽ തണുപ്പെത്താൻ അനുകൂലമായ രീതിയിലേക്ക് മാറിയിട്ടുണ്ട്. നേരത്തെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആയിരുന്നു ഈ പ്രതിഭാസം. ഇപ്പോൾ അത് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അതോടെ കേരളത്തിലേക്ക് ശൈത്യ കാറ്റിന് വരാനാകും.

വടക്കൻ കേരളത്തിന്‍റെ കിഴക്കൻ മേഖലകളിൽ പ്രത്യേകിച്ച് വയനാട്, കണ്ണൂർ ജില്ലകളിൽ മൂടൽ മഞ്ഞിന്‍റെ സാന്നിധ്യം അർധരാത്രി മുതൽ രാവിലെ 9 വരെ ഉണ്ടാകും. കേരളത്തിൽ രാത്രി താപനില കുറയുകയും പകൽ കൂടുകയും ചെയ്യും. വെയിലിന് കാഠിന്യം കൂടുകയും ചെയ്യും.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി