ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി
കൊച്ചി: പ്രവീൺ നാരായണന്‍റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം കാണാമെന്ന് അറിയിച്ച് ഹൈക്കോടതി. ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നിർമാതക്കൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് എൻ. നാഗേഷ് സിനിമ കാണുമെന്ന് വ‍്യക്തമാക്കി.
ചിത്രം കാണണമെന്ന് നിർമാതാക്കൾ ആവശ‍്യമുയർത്തിയിരുന്നു. എന്നാൽ സമയത്തിന്‍റെ പ്രശ്നമുള്ളതിനാൽ കോടതി ഈ ആവശ‍്യം തള്ളുകയായിരുന്നു. തിയെറ്ററിൽ ചിത്രം കാണാമെന്നായിരുന്നു കോടതി അറിയിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാൽ തിയെറ്ററിൽ ചിത്രം കാണാൻ ബുദ്ധിമുട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.
പാലാരിവട്ടത്തെ ലാൽ മീഡിയയിൽ വച്ചാവും കോടതി ചിത്രം കാണുക. സിനിമ കാണണമെന്ന് സെൻസർബോർഡ് അഭിഭാഷകനും പറഞ്ഞിരുന്നു. മുംബൈയിൽ സിനിമ കാണണമെന്നായിരുന്നു അഭിഭാഷകൻ ആവശ‍്യപ്പെട്ടത്. എന്നാൽ ഈ ആവശ‍്യം കോടതി തള്ളുകയും കൊച്ചിയിൽ വന്ന് സിനിമ കാണാൻ കോടതി നിർദേശിക്കുകയും ചെയ്തു.