.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: പുതിയ അതിവേഗ റെയ്ൽ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മെട്രൊ മാൻ ഇ. ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ ഉടനടി തീരുമാനമെടുക്കേണ്ടെന്ന് സിപിഎം. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് വഴി സമർപ്പിച്ച പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർചർച്ചകൾ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതോടെ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വത്തിലായി.
കെ- റെയ്ലിന്റെ വിവാദമായ സിൽവർലൈൻ സെമി ഹൈസ്പീഡ് പദ്ധതി തത്കാലം അസ്തമിച്ച നിലയിലാണ്. എന്നാൽ, ശ്രീധരനുമായി ചേർന്ന് പുതിയ പദ്ധതി ആലോചിച്ചതോടെ വീണ്ടും അതു പൊതു ചർച്ചയിലെത്തി. നിലവിലെ റെയ്ൽ ലൈനുകളുമായി ബന്ധിപ്പിക്കാവുന്ന അതിവേഗ ബ്രോഡ്ഗേജ് പദ്ധതിയാണു ശ്രീധരൻ മുന്നോട്ടുവയ്ക്കുന്നത്. അധികം ഭൂമി ഏറ്റെടുക്കാതെ, തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും പോകുന്ന തിരുവനന്തപുരം- കണ്ണൂർ പാത. ഡൽഹി മെട്രൊ റെയ്ൽ കോർപ്പറേഷനെ ഇത് ഏൽപ്പിക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇതു സംസ്ഥാന സർക്കാരിനു സ്വീകാര്യമാവുമോ എന്നതാണു പ്രശ്നം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഈ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ ഒഴിവാക്കണമെന്നു സിപിഎമ്മിലെ ചിലർ ആഗ്രഹിക്കുന്നു. ഇടതു മുന്നണിയിലെ ഘടകക്ഷികളുമായും വിഷയത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. എന്നാൽ, കെ.വി. തോമസ് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും ശ്രീധരനെ കണ്ടു എന്നതാണു പാർട്ടി നേതാക്കളെ വെട്ടിലാക്കിയിരിക്കുന്നത്.
ശ്രീധരന്റെ ബദൽ നിർദേശം ഗൗരവത്തോടെ സംസ്ഥാന സർക്കാർ ചർച്ച ചെയ്യണമെങ്കിൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന സിൽവർലൈൻ ഡിപിആർ കേന്ദ്രം തള്ളുകയോ അടിമുടി ഭേദഗതി ആവശ്യപ്പെടുകയോ വേണം. അല്ലെങ്കിൽ സംസ്ഥാന സർക്കാർ സിൽവർലൈൻ ഡിപിആർ പിൻവലിക്കണം.
ശ്രീധരനെ മുന്നിൽ നിർത്തി ജനങ്ങളുടെ എതിർപ്പു തണുപ്പിക്കാനാവുമോ എന്നതാണു മുഖ്യമന്ത്രിയുടെ ആലോചന എന്നും റിപ്പോർട്ടുകളുണ്ട്. ശ്രീധരൻ അനുകൂലമായി പ്രതികരിച്ചത് സർക്കാരിനു പ്രതീക്ഷ നൽകുന്നു. ശ്രീധരന്റെ പദ്ധതിയെപ്പറ്റി പാർട്ടി ചർച്ച ചെയ്യുമെന്നും, സംസ്ഥാനത്തിന്റെ വികസനമാണ് പ്രധാനമെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്. പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞശേഷം പ്രതികരിക്കാമെന്ന് കോൺഗ്രസ് നേതൃത്വവും പറയുന്നു.