91 ലക്ഷം രൂപ വരെ കുടിശിക; കുവൈറ്റ് ബാങ്കിനെ പറ്റിച്ച് മലയാളി നഴ്സുമാർ
കൊച്ചി: ഗൾഫിലെ ബാങ്കിൽ നിന്നുമെടുത്ത വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് 13 മലയാളി നഴ്സുമാർക്കെതിരേ നിയമനടപടികൾ സ്വീകരിച്ച് ബാങ്ക് പ്രതിനിധികൾ. കുവൈറ്റിലെ അൽ അഹ്ലിലെ ബാങ്ക് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ 13 നഴ്സുമാർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഇടപെടലിൽ കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2019 മുതൽ 2021 വരെയുള്ള കാലയളവിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർ ബാങ്കിൽ നിന്നിൽ വായ്പയെടുത്തത്. ഏകദേശം 10.33 കോടിയാണ് മൊത്തം വായ്പാതുകയെന്ന് ബാങ്ക് പ്രതിനിധി തോമസ് ജെ. ആനക്കല്ലുങ്കൽ അറിയിച്ചു.
ജോലിയുടെ കരാർ കാലാവധി മുടങ്ങി നാട്ടിലേക്കു തിരിച്ചു പോയ നഴ്സുമാർ മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയെങ്കിലും ബാങ്കിലേക്ക് പണം തിരിച്ചടച്ചിട്ടില്ലെന്ന് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.
61 ലക്ഷം മുതൽ 91 ലക്ഷം രൂപ വരെയാണ് ഓരോരുത്തരും വായ്പ യെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പ്രതികൾക്ക് നേരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും കേരളത്തിലേക്ക് തിരിച്ചു വരുമ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.