ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി

 
Kerala

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി

കഴിഞ്ഞ സർവേയിൽ ഇന്ത്യയിലെ 4900 ത്തോളം വരുന്ന നഗരങ്ങളിൽ ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ ഒറ്റ നഗരംപോലും ആയിരം റാങ്കിനുള്ളിലില്ലായിരുന്ന സ്ഥാനത്ത് ഇത്തവണ സംസ്ഥാനത്തെ 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിനുളളിൽ

തിരുവനന്തപുരം: നഗരങ്ങളിലെ ശുചിത്വനിലവാരം സംബന്ധിച്ച് കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തിവരുന്ന ദേശീയ ശുചിത്വ സർവ്വേയായ സ്വച്ഛസർവേക്ഷണിന്‍റെ ഒൻപതാം പതിപ്പിൽ കേരളത്തിന് ഇത്തവണ വലിയമുന്നേറ്റമുണ്ടാക്കാനായതായി തദ്ദേശ മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ സർവേയിൽ ഇന്ത്യയിലെ 4900 ത്തോളം വരുന്ന നഗരങ്ങളിൽ ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ ഒറ്റ നഗരംപോലും ആയിരം റാങ്കിനുള്ളിലില്ലായിരുന്ന സ്ഥാനത്ത് ഇത്തവണ സംസ്ഥാനത്തെ 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിനുളളിൽ വന്നതായി വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ദേശീയ തലത്തിൽ വ്യത്യസ്ത ജനസംഖ്യാടിസ്ഥാനത്തിൽ ആദ്യ 100 നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, മട്ടന്നൂർ, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവന്തപുരം, കൊല്ലം എന്നീ എട്ട് നഗരങ്ങൾ ആദ്യനൂറിൽത്തന്നെ ഇടം പിടിച്ചു. മട്ടന്നൂർ നഗരസഭയ്ക്ക് പ്രോമിസിങ് സ്വച്ഛ് ശഹർ അവാർഡ് ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷന് വാട്ടർ പ്ലസ്, കൊച്ചി കോർപ്പറേഷൻ, കൽപ്പറ്റ, ഗുരുവായൂർ ഒഡിഎഫ് പ്ലസ് പ്ലസ് (വെളിയിട വിസർജന മുക്ത പ്രവർത്തനങ്ങളിലെ മികവ്.), ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി ത്രീ സ്റ്റാർ, മറ്റ് 20 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി 1 സ്റ്റാർ എന്നിവയും ലഭിച്ചു.

ദൃശ്യമായ ശുചിത്വം, വേർതിരിക്കൽ, ശേഖരണം, മാലിന്യനീക്കം, ഖരമാലിന്യ പരിപാലനം, യൂസ്ഡ് വാട്ടർ മാനേജ്മെന്‍റ്, ഡീസ്ലഡ്ജിംഗ് സേവനങ്ങളുടെ യന്ത്രവൽക്കരണം, ശുചിത്വത്തിനു വേണ്ടിയുള്ള അഡ്വക്കേസി, ശുചിത്വ തൊഴിലാളികളുടെ ക്ഷേമം, പൗരൻമാരുടെ അഭിപ്രായവും, പരാതി പരിഹാരവും തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ശുചിത്വ മത്സരം നടത്തിയത്. മുൻ വർഷത്തിൽ ശരാശരി 26 ശതമാനം മാർക്കായിരുന്നു നഗരസഭകൾ നേടിയിരുന്നത്. എന്നാൽ, ഈ വർഷം ശരാശരി 56 ശതമാനമായി ഉയർന്നു. ദേശീയ വിലയിരുത്തലിൽ 12500 മാർക്കിൽ 10000 മാർക്ക് സ്വച്ഛ് സർവ്വേക്ഷനും 2500 മാർക്ക് ഒഡിഎഫ്, ജിഎഫ്സി സർട്ടിഫിക്കേഷനുകൾക്കുമാണ്.

മട്ടന്നൂർ നഗരസഭയ്ക്ക് 76 ശതമാനം (9522) മാർക്കാണ്. കഴിഞ്ഞ വർഷം 3576 മാർക്കായിരുന്നു മട്ടന്നൂരിന്. ചെറിയ നഗരങ്ങളുടെ ഗണത്തിൽ വരുന്ന മട്ടന്നൂരിന് ദേശീയതലത്തിൽ 53ാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവുമാണ് ലഭിച്ചത്. വലിയ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കഴിഞ്ഞ വർഷം 1840 മാർക്ക് മാത്രം നേടിയ കൊച്ചി ഇത്തവണ 8181 മാർക്ക് നേടി. ദേശീയതലത്തിൽ അൻപതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമെത്തി. ഇടത്തരം നഗരങ്ങളുടെ ഗണത്തിൽ കഴിഞ്ഞവർഷം 2945 മാർക്ക് മാത്രം നേടിയ ആലപ്പുഴ 9428 മാർക്ക് നേടി ദേശീയതലത്തിൽ 80-ാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും നേടി. ശുചിത്വ സർട്ടിഫിക്കേഷനിൽ കൊച്ചി, ഗുരുവായൂർ, കൽപ്പറ്റ ശ്രദ്ധേയ സ്ഥാനം ലഭിച്ചു.

കേരളത്തിൽ നിന്നും ആദ്യമായാണ് ശുചിത്വത്തിനുള്ള ഏറ്റവും ഉയർന്ന സർട്ടിഫിക്കേഷനായ വാട്ടർ പ്ലസ് തിരുവനന്തപുരം കോർപ്പറേഷന് നേടാൻ കഴിഞ്ഞത്. മാലിന്യ മുക്ത നഗര (ജിഎഫ്സി) സർട്ടിഫിക്കേഷനിൽ ഇതുവരെ ഒരു നഗരസഭയ്ക്കും റേറ്റിംഗ് നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 23 നഗരസഭകൾക്ക് ഈ വർഷം ജിഎഫ്സി സർട്ടിഫിക്കേഷൻ ലഭിച്ചു. അതിൽ ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി എന്നീ മൂന്ന് നഗരസഭകൾക്ക് ത്രീ സ്റ്റാറും, 20 മട്ടന്നൂർ, ഗുരുവായൂർ, വർക്കല, ചെർപ്പുളശ്ശേരി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ, ആന്തൂർ, ഇരിട്ടി, കുന്നംകുളം, കൊച്ചി, കൽപ്പറ്റ, വളാഞ്ചേരി, കട്ടപ്പന, ഈരാറ്റുപേട്ട, പയ്യോളി, ഏറ്റുമാനൂർ, നോർത്ത് പറവൂർ, ഹരിപ്പാട്, കൂത്താട്ടുകുളം എന്നീ നഗരസഭകൾക്ക് 1 സ്റ്റാർ സർട്ടിഫിക്കേഷനും ലഭിച്ചു.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം