അന്തിമ പട്ടികയിൽ 2.87 കോടി വോട്ടർമാർ.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയായി. പട്ടികയിൽ 2.87 കോടി (2,86,62,712) വോട്ടർമാരാണുള്ളത്. 1,35,16,923 പുരുഷന്മാരും 1,51,45,500 സ്‌ത്രീകളും 289 ട്രാൻസ്‌ജെൻഡറും അടങ്ങുന്നതാണ് പട്ടിക. പ്രവാസി വോട്ടർ പട്ടികയിൽ 3,745 പേരുണ്ട്.
ഒക്റ്റോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ 2,84,30,761 പേരാണ് ഉണ്ടായിരുന്നത്. ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പേര് ചേർക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടു ദിവസം അവസരം നൽകിയിരുന്നു. ഇതനുസരിച്ച് വോട്ടർമാരുടെ എണ്ണത്തിൽ 2,31,951 ന്‍റെ വർധനവുണ്ടായി. 2,66,679 പേർ പുതിയതായി പേര് ചേർത്തു. 34,745 പേരെ ഒഴിവാക്കി.
കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം നൽകിയത്. വോട്ടർപട്ടിക അതത് ഇലക്റ്ററൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമായിട്ടുണ്ട്.