ജീപ്പിടിച്ച് ദമ്പതികളുടെ മരണം, വാഹന ഉടമ പിടിയിൽ; ജീപ്പിൽ ഉന്നത ഉദ്യോഗസ്ഥനും?

 
Kerala

ജീപ്പിടിച്ച് ദമ്പതികളുടെ മരണം, വാഹന ഉടമ പിടിയിൽ; ജീപ്പിൽ ഉന്നത ഉദ്യോഗസ്ഥനും?

അപകടത്തിനു പിന്നാലെ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു

Manju Soman

തിരുവനന്തപുരം: കിളിമാനൂരില്‍ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു പിടിയിൽ. വിഷ്ണുവിന്‍റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പ്രത്യേക പൊലീസ് സംഘം വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിനു പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണുവെന്നാണ് സൂചന.

വിഷ്ണുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അപകടസമയത്ത് വിഷ്ണുവാണോ ജീപ്പ് ഓടിച്ചിരുന്നത് എന്നതില്‍ വ്യക്തതയില്ല. ജീപ്പില്‍നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കിട്ടിയെന്നു നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ടു പേരുടെയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചുവെന്നും ഇവര്‍ അപകടസമയത്ത് മറ്റിടങ്ങളില്‍ ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ജനുവരി മൂന്നിനാണ് അപകടമുണ്ടായത്. വിഷ്ണുവിന്‍റെ ഥാർ കിളിമാനൂർ സ്വദേശികളായ രജിത്തും അംബികയും ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നാൽ ഇടിക്കുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ അംബിക ഏഴാം തിയതിയും 20ന് രജിത്തും മരിച്ചു.

അപകടത്തിനു പിന്നാലെ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. നാട്ടുകാർ പിടികൂടുമ്പോൾ മദ്യലഹരിയിലായിരുന്നു ഇയാൾ. ദമ്പതികളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കനത്ത സാഹചര്യത്തില്‍ വിഷ്ണുവിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയായിരുന്നു. ദമ്പതികളെ ഇടിച്ചിട്ട വാഹനത്തിനുള്ളിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ പരാതി. അന്വേഷണത്തിലെ വീഴ്ച കണക്കിലെടുത്ത് കിളിമാനൂര്‍ എസ്എച്ച്ഒ. ബി.ജയന്‍, എസ്‌ഐ ആര്‍.യു.അരുണ്‍, ഗ്രേഡ് എസ്‌ഐ ഷജിം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.മഞ്ജുലാലിനു കൈമാറി.

വേദിയിൽ നിന്ന് ശ്രീലേഖ മാറി നിന്ന സംഭവം; കഷ്ടമായിപ്പോയെന്ന് ബിനോയ് വിശ്വം

തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു

പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി; ഇറാൻ-യുഎസ് സംഘർഷ സാധ്യതയെ തുടർന്ന്

ക്രിസ്മസ് - പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

61,000 ൽ അധികം ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി