കൊച്ചി ചരക്കുകപ്പൽ അപകടം: സിഎംഎഫ്ആര്‍ഐ സംഘം പഠനം ആരംഭിച്ചു
file image
തിരുവനന്തപുരം: എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ കൊച്ചി തീരത്ത് മുങ്ങിയതു കാരണം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആര്‍ഐ) പഠനം ആരംഭിച്ചു. നാലു സംഘങ്ങളായി തിരിഞ്ഞ് എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോള്‍ പഠനം നടത്തുന്നത്.
ഈ ജില്ലകളിൽ നിന്നുള്ള 10 സ്‌റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളത്തിന്‍റെയും മണ്ണിന്‍റെയും സാമ്പിളുകള്‍ പരിശോധിച്ചുവരുകയാണെന്ന് സിഎംഎഫ്ആർഐ ഡയറക്റ്റര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് അറിയിച്ചു. ഓക്സിജന്‍റെ അളവ്, അസിഡിറ്റി, പോഷകങ്ങൾ എന്നിവയുൾപ്പെടെയുള്ള ജലത്തിന്‍റെ ഗുണനിലവാരം പഠിച്ചുകൊണ്ടിരിക്കുകയാണ്.
എണ്ണച്ചോർച്ചയുണ്ടോയോ എന്നത് നിർണയിക്കാൻ വെള്ളത്തിലും മണ്ണിലും ഓയിലിന്‍റെയും ഗ്രീസിന്‍റെയും സാന്നിധ്യം പരിശോധിക്കും. ഫൈറ്റോപ്ലാങ്ക്ടണും ബെന്തിക് (തീരത്തെ മണ്ണിലുള്ള ജീവികൾ) ജീവികളും ശേഖരിച്ച് പരിശോധിച്ചുവരികയാണ്. ഇതിനായി ഈ സ്റ്റേഷനുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ സാമ്പിളുകൾ ശേഖരിക്കുമെന്നും സിഎംഎഫ്ആർഐ ഡയറക്ടര്‍ അറിയിച്ചു.
നേരത്തെ, ഗവേഷണ കപ്പലുപയോഗിച്ച് കടലില്‍നിന്നുള്ള സാമ്പിള്‍ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കാലാവസ്ഥാ അനുകൂലമല്ലാത്തതിനാല്‍ തീരക്കടലുകളില്‍നിന്ന് മാത്രമാണ് സാമ്പിളുകള്‍ ശേഖരിക്കാനായത്. മത്സ്യബന്ധനം സാധ്യമല്ലാത്തതിനാല്‍ മീനുകളിലും പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ, കാലാവസ്ഥാ അനുകൂലമായാൽ ഇവയും കടലിന്‍റെ അടിത്തട്ടിലുള്ള മറ്റ് ജീവികളെയും ശേഖരിച്ച് വിവിധ തരത്തിലുള്ള കടല്‍ മലിനീകരണ പഠനത്തിന് വിധേയമാക്കും. ഇതോടൊപ്പം, തുടര്‍ പരിപാലന നടപടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പഠനഫലങ്ങള്‍ക്കനുസരിച്ച് വിവിധ ഏജന്‍സികള്‍ക്ക് ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.