Kerala

കൊച്ചിയിൽ യുവാവിനെ അകാരണമായി പൊലീസ് മർദ്ദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കമ്മീഷണർ

റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടികൾ എടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

കൊച്ചി: കൊച്ചിയിൽ യുവാവിനെ അകാരണമായി പൊലീസ് മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണർ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാന്‍ സെന്‍ട്രൽ അസി. കമ്മീഷണറോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടികൾ എടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

കാക്കനാട് സ്വദേശി റിനീഷ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. നിലവിൽ ആശുപത്രി ചികിത്സയിലാണ് ഇയാൾ. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്. എച്ച്. ഒ മർദ്ദിച്ചെന്നതാണ് പരാതി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. ലാത്തികൊണ്ട് കാലിനും കൈ കൊണ്ട് മുഖത്തും എസ്. എച്ച്. ഒ അടിച്ചെന്നാണ് റിനീഷ് പറയുന്നത്. അടിയുടെ ശക്തിയിൽ ലാത്തി ഒടിഞ്ഞെന്നും ഇയാൾ പറയുന്നു.

"സംഭവത്തെകുറിച്ച് റിനീഷ് പറയുന്നത് ഇപ്രകാരമാണ്. 'താന്‍ ഒരു മാന്‍പവർ‌ കമ്പനിയിൽ വർക്ക് ചെയ്യുന്നയാളായതുകൊണ്ട് ഹോട്ടലുകളിലേക്ക് ആളുകളെ തപ്പി നടന്ന് ഉച്ചയോടെയാണ് നോർത്തിലെത്തുന്നത്. അവിടെ ഒരു കടയിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ചിട്ട് തണലത്ത് വിശ്രമിക്കുകയായിരുന്നു. ഞാനും എന്‍റെ ഒപ്പം വേറൊരു ഫീൽഡ് ഓഫീസർ സാറും ഉണ്ടായിരുന്നു. ഞങ്ങളവിടെ പോയിരുന്നു. ഞാൻ ചെവിയിൽ ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ട് ഇരിക്കുകയായിരുന്നു.

ഈ നേരം അവിടെ പൊലീസെത്തുകയും എവിടെയാണ് വീടെന്ന് ചോദിക്കുകയും ചെയ്തു. കാക്കനാട് ആണ് വീട് എന്ന് പറഞ്ഞതിനു പിന്നാലെ ഫോണ്‍ പരിശോധിക്കണമെന്നായി. ഫോണ്‍ കൊടുക്കില്ലെന്ന് പറഞ്ഞു. ശേഷം എന്നെ പരിശോധിക്കണമെന്നാണ് പൊലീസ് പറഞ്ഞത്. പോക്കറ്റില്‍ എന്താണെന്ന് പൊലീസ് ചോദിച്ചു. ഒരു ഹെഡ്സെറ്റ് മാത്രമാണുണ്ടായിരുന്നത്.

ഹെഡ്സെറ്റ് പുറത്തേക്കെടുക്കാന്‍ തുടങ്ങുന്നതിനിടെ കൈയിലുണ്ടായിരുന്ന ലാത്തി കൊണ്ട് അടിച്ചു. അടിച്ച വഴിക്ക് ലാത്തി പൊട്ടി. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ അനുഭവപ്പെട്ടു. അത്ര ശക്തമായാണ് അടിച്ചത്. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ ഡോക്ടറോട് മർദ്ദനമേറ്റ കാര്യം പറഞ്ഞു. അപ്പോൾ അവിടെ വെച്ച് രണ്ട് വട്ടം ഛർദ്ദിച്ചു"- റിനീഷ് പറയുന്നു.

സംഭവത്തിൽ അന്വേഷണം വേണമെന്നും പൊലീസിനെ കയറൂരി വിട്ടിരിക്കയാണെന്നും ഉമാ തോമസ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് എംഎൽഎ വ്യക്തമാക്കി. അതേസമയം നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് നോര്‍ത്ത് പൊലീസിന്‍റെ വിശദീകരണം.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം