പറമ്പിലെ പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടർന്നു, കൊല്ലത്ത് 55കാരന് വെന്തുമരിച്ചു
കൊല്ലം: പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ ദേഹത്തേക്ക് തീ പടർന്ന് മധ്യവയസ്കൻ മരിച്ചു. കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയിലാണ് ദാരുണ സംഭവമുണ്ടായത്. കാവനാട് കഞ്ഞിമേൽശേരി സ്വദേശിയായ ദയാനിധി ഷാനാണ് (55) മരിച്ചത്. തീ അണയ്ക്കാനുള്ള സഹായത്തിനായി ഷാൻ അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയിൽ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടർന്നുപിടിച്ചതോടെ ഇയാൾ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
എന്നാൽ, പുകയും ചൂടുമേറ്റ് ഷാൻ കുഴഞ്ഞുവീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടർന്ന് മരിക്കുകയുമായിരുന്നു എന്നാണ് വിവരം. ആളുകളെല്ലാം ഓടിക്കൂടിയപ്പോഴേയ്ക്കും പൊള്ളലേറ്റ് അനക്കമില്ലാതെ നിലയിൽ കിടക്കുന്ന ദയാനിധിയെ ആണ് കണ്ടത്. പ്രദേശവാസിയായ ആളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷാൻ.