അഭിനയ യാത്രയിൽ ലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്‍റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ വികാസപരിണാമങ്ങൾ, ഈ കാലയളവിലെ മലയാളിയുടെ വൈകാരികജീവിതം, മൂല്യബോധങ്ങൾ, സംഘർഷങ്ങൾ എന്നിവയുടെ ദൃശ്യപരമായ അനുഭവരേഖ തന്നെയാണ് മോഹൻലാൽ ചിത്രങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ലാലിന് സംസ്ഥാന സർക്കാരിന്‍റെ ആദരവ് അർപ്പിക്കുന്ന പരിപാടിയായ 'മലയാളം വാനോളം – ലാൽ സലാം' പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. മലയാള സിനിമയെ അന്താരാഷ്‌ട്ര തലത്തിൽ അടയാളപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് ഈ അംഗീകാരം ലഭിച്ചത് 2004 ലാണ്. 20 വർഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. സത്യജിത് റായ്, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, ലതാ മങ്കേഷ്‌കർ, മൃണാൾസെൻ, ശ്യാം ബെനഗൽ, അമിതാഭ് ബച്ചൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾക്കൊപ്പം അമൂല്യമായ ആ സിംഹാസനം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളത്തിന്‍റെ ഇതിഹാസതാരം.
ഫാൽക്കെയെക്കുറിച്ച് ഓർമിക്കുമ്പോൾ വിസ്മരിച്ചു കൂടാത്ത ഒരു മലയാളിയുണ്ട്- രാജാ രവിവർമ. കിളിമാനൂരിൽ നിന്നുപോയ രാജാ രവിവർമ്മ ലോണാവാലയിൽ സ്ഥാപിച്ച സ്വന്തം പ്രസ് വിറ്റു നൽകിയ പണം കൊണ്ടാണ് അദ്ദേഹത്തിന്‍റെ സഹായിയായിരുന്ന ഫാൽക്കെ തന്‍റെ ആദ്യ ചിത്രമെടുക്കുന്നത്. രാജാ രവിവർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി. ഫാൽകെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാൽക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയ കലയുടെ സമുന്നത പീഠത്തിന് അധിപനുമായി.
ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് ലാൽ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരവാണ് ഈ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നു. ഈ പുരസ്‌കാരത്തിലൂടെ ദേശീയതലത്തിൽ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവർണ നേട്ടമാണ് ഈ പുരസ്‌കാരം. മൂന്നു വർഷം കൂടി പിന്നിടുമ്പോൾ മലയാള സിനിമയ്ക്ക് 100 വയസ് തികയുകയാണ്. ശതാബ്ദിയോടടുത്ത മലയാള സിനിമയിൽ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനിൽക്കുന്ന നടനാണ് മോഹൻലാൽ. 1978ലെ 'തിരനോട്ടം' എന്ന സിനിമ മുതൽ കഴിഞ്ഞ 48 വർഷക്കാലമായി ലാൽ നമ്മോടൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തിൽ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു മോഹൻലാൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ നൽകിയ ഭാവാനുഭവങ്ങൾ. പ്രണയവും പകയും പ്രതികാരവും നൃത്തവും സംഗീതവും ലഹരിയും ഉന്മാദവും തിളച്ചു മറിയുന്ന വേഷപ്പകർച്ചകളായിരുന്നു അതെല്ലാം. അതുകൊണ്ട് നിത്യജീവിതത്തിൽ ഇടയ്‌ക്കെല്ലാം മോഹൻലാലായിപ്പോവുക എന്നതുപോലും ചില മലയാളികളുടെ ശീലമായി.
നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആൾട്ടർ ഈഗോയാണ് മോഹൻലാൽ എന്ന് ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിൻ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണം. പ്രായഭേദമന്യേ മലയാളികൾ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കിൽ തൊട്ടയൽപക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹൻലാലിനെ മലയാളികൾ കാണുന്നു. സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തും ആ സ്‌നേഹവും ആദരവും മലയാളികൾ മോഹൻലാലിന് നൽകിപ്പോരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹൻലാലിന്‍റേത്. എത്രയോ തവണ ആയാസരഹിതമായ ആ അഭിനയശൈലി മലയാളികൾ കണ്ടു. ജീവിതത്തിന്‍റെ സമരമുഖങ്ങളിലെല്ലാം തോറ്റുപോവുന്ന, നിരായുധരായ പോരാളികളായ ചില കഥാപാത്രങ്ങൾക്ക് നെഞ്ചുലയ്ക്കും വിധം ലാൽ ജീവൻ പകർന്നപ്പോൾ പല മലയാളികളും ആ കഥാപാത്രങ്ങൾക്കൊപ്പം നിശബ്ദമായി കരഞ്ഞു.
18ാം വയസിൽ 'തിരനോട്ടം' എന്ന പടത്തിൽ തുടങ്ങി ഈ 65ാം വയസിലും അദ്ദേഹം തന്‍റെ അഭിനയസപര്യ അനുസ്യൂതം തുടരുന്നു. കഴിഞ്ഞ 48 വർഷങ്ങളിൽ 360ൽപ്പരം സിനിമകളിൽ മോഹൻലാൽ വേഷമിട്ടിട്ടുണ്ട്. 1986ൽ 34 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഇന്നത്തെ യുവനടന്മാർ പലരും പ്രതിവർഷം മൂന്നോ നാലോ സിനിമകൾ മാത്രമേ ചെയ്യുന്നുള്ളൂ. അത് അറിയുമ്പോഴാണ്, വൈവിധ്യമാർന്ന ശൈലികളുള്ള നിരവധി സംവിധായകർക്കും വ്യത്യസ്ത പ്രമേയങ്ങളുമായി വന്ന നിരവധി തിരക്കഥാകൃത്തുക്കൾക്കുമായി അദ്ദേഹം തന്‍റെ കഴിവും സമയവും ഊർജ്ജവും ഒരുവർഷം 34 സിനിമകളിൽ സമർപ്പിച്ചത്. അതോർത്ത് നാം അദ്ഭുതം കൊള്ളുക. അങ്ങനെ അനവധി അഭിനയ പരീക്ഷണങ്ങളാലും നിരന്തര പരിശീലനത്താലും കടഞ്ഞെടുത്ത അസാമാന്യ വഴക്കമുള്ള താരസാന്നിധ്യമായി മോഹൻലാൽ മാറി. അതുകൊണ്ടുതന്നെ അപാരമായ വൈവിധ്യം നിറഞ്ഞ വേഷപ്പകർച്ചകളാണ് കഴിഞ്ഞ നാലരപ്പതിറ്റാണ്ടു കാലമായി നാം കണ്ടുവരുന്നത്.
അന്താരാഷ്‌ട്ര തലത്തിൽ മലയാളത്തിന്‍റെ യശസുയർത്തിയ 'വാനപ്രസ്ഥം' എന്ന ചിത്രത്തിലെ മോഹൻലാലിന്‍റെ പ്രകടനം അവിസ്മരണീയമാണ്. അരപ്പട്ടിണിക്കാരനായ ഒരു കഥകളി നടന്‍റെ വേഷം അയത്‌ന ലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചത്. വർഷങ്ങളുടെ നിരന്തര പരിശീലനം ആവശ്യമുള്ള കഥകളി വേഷത്തെ, വിസ്മയിപ്പിക്കുന്ന പൂർണതയോടെ അദ്ദേഹം തിരശീലയിൽ എത്തിച്ചു.
ആവശ്യത്തിന് കഥകളി പരിശീലനമില്ലാതിരുന്നിട്ടും ഇത്തരമൊരു തലത്തിലേക്ക് ആ കഥാപാത്രത്തെ കൊണ്ടുവരാൻ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണെന്ന് ചിത്രത്തിൽ കൂടെ അഭിനയിച്ച കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറയുകയുണ്ടായി. 1999ൽ കാൻ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്‌ഷൻ ലഭിച്ച ചിത്രമാണിത്. ലോകത്തിന്‍റെ തെറ്റായ കോണിൽ ജനിച്ചുപോയതു കൊണ്ടു മാത്രം ഓസ്‌കർ കിട്ടാതെ പോയ പ്രതിഭയെന്ന് "വാനപ്രസ്ഥം' കണ്ട ഫ്രഞ്ചുകാർ പറഞ്ഞപ്പോൾ ഇവിടെ ജനിച്ചതുകൊണ്ടാണ് ഇത്രയും നല്ല വേഷങ്ങൾ കിട്ടിയത് എന്ന് വിനയാന്വിതനായി മറുപടി നൽകിയ മോഹൻലാലിനെ മലയാളിക്ക് അഭിമാനത്തോടെയല്ലാതെ കാണാനാവില്ല. ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന കേരളമെന്ന വികാരം മാതൃകാപരമാണെന്നു പറയട്ടെ.
"അഭിനയകലയുടെ പാഠപുസ്തകം' എന്നാണ് അദ്ദേഹത്തിനു പിന്നാലെ സിനിമയിൽ വന്ന പല നടന്മാരും അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. അഭിനയകലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹൻലാലിന്‍റെ ആത്മാർഥതയും അർപ്പണബോധവും പുതുതലമുറ മാതൃകയാക്കേണ്ടതാണ്.
നാലു തവണ ദേശീയതലത്തിൽ ഈ അഭിനയ പ്രതിഭ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഒമ്പതു തവണയാണ് ലാലിനെ തേടിയത്തെിയത്. പദ്മശ്രീ, പദ്മഭൂഷൺ, രണ്ട് സർവകലാശാലകളുടെ ഡിലിറ്റ് ബിരുദങ്ങൾ, ലെഫ്റ്റനന്‍റ് കേണൽ പദവി തുടങ്ങി മറ്റ് നിരവധി അംഗീകാരങ്ങൾ. അക്കൂട്ടത്തിലാണ് ഈ പരമോന്നത ബഹുമതിയുടെ പതക്കവും ചേർത്തുവയ്ക്കപ്പെടുന്നത്.
അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന ഇതിഹാസ താരം മോഹൻലാലിനെ സംസ്ഥാന സർക്കാരിന്‍റെ അനുമോദനമറിയിക്കുന്നു- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊന്നാടയണിയിച്ച് ചടങ്ങിൽ മോഹൻലാലിനെ ആദരിച്ച ശേഷം സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാ വർമ രചന നിർവഹിച്ച കാവ്യപത്രവും ചിത്രകാരൻ എ. രാമചന്ദ്രന്‍റെ താമരക്കുളത്തിന്‍റെ ലോകം എന്ന ചിത്രവും സമ്മാനിച്ചു.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സ്വാഗതമാശംസിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എ.എ. റഹീം എംപി, ആന്‍റണി രാജു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ്കുമാർ, ജില്ലാ കലക്റ്റർ അനുകുമാരി, ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, സാംസ്കാരിക വകുപ്പ് ഡയറക്റ്രർ ദിവ്യ എസ്. അയ്യർ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ചലച്ചിത്ര വികസന കോർപ്പറേഷൻ മാനെജിങ് ഡയറക്റ്റർ പ്രിയദർശൻ, അഭിനേതാക്കളായ അംബിക, രഞ്ജിനി, മാളവിക മോഹനൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു നന്ദി അറിയിച്ചു.
ഉദ്ഘാടന ചടങ്ങിനെ തുടർന്ന് മോഹൻലാലിനുള്ള കലാസമർപ്പണമായി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത "രാഗം മോഹനം' അരങ്ങേറി. ലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പിന്നണി ഗായകരുടെ സംഗീതാർച്ചനയായിരുന്നു ഇത്. എം.ജി. ശ്രീകുമാറിന്‍റെ ഗാനത്തോടെ തുടങ്ങിയ രാഗം മോഹനത്തിൽ ഗായിക സുജാതയുടെ നേതൃത്വത്തിൽ സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്മി ഗോപാലസ്വാമി എന്നീ ഗായികമാരും ഗാനാർച്ചന നടത്തി.