അഭിഭാഷകയെ മർദിച്ച കേസ്: അഡ്വ. ബെയ്‌ലിൻ ദാസിന് ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയ്‌ലിൻ ദാസിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ, മർദനം, മർദിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ബെയ്‌ലിൻ ദാസിനു മേൽ ചുമത്തിയിട്ടുളളത്.
പൊലീസ് ഹാജരാക്കിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് റിമാൻഡിലായി നാലാം ദിവസം കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കം ഉപാധികളോടെയാണ് ജാമ്യം.
മേയ് 13നാണ് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിൻ ദാസ് മർദിച്ചത്. ഇടതുകവിളിൽ അടിയേറ്റു വീണ ശ്യാമിലി എഴുന്നേൽക്കുന്നതിനിടയിൽ കൈയിൽ പിടിച്ച് തിരിക്കുകയും പിന്നീട് വീണ്ടും കവിളിൽ അടിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് അപേക്ഷയിൽ പൊലീസ് വ്യക്തമാക്കുന്നത്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ബെയ്‌ലിൻ ദാസിനെ 16നാണ് പെലീസ് പിടികൂടിയത്.