Voting machine
Voting machine Representative image
Kerala

മുസ്‌ലിം വോട്ടിന് തത്രപ്പാട്

എം.ബി. സന്തോഷ്

തിരുവനന്തപുരം: വോട്ടെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കേ മുസ്‌ലിം ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള തത്രപ്പാടിൽ മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ വിമർശനത്തെ തുടർന്ന് മുസ്‌ലിം വിഭാഗത്തിൽ ഉരുണ്ടുകൂടിയിട്ടുള്ള ആശങ്കകൂടി അനുകൂലമാക്കാനാണ് എൽഡിഎഫും യുഡിഎഫും കരുക്കൾ നീക്കുന്നത്. എന്നാൽ, ഭൂരിപക്ഷ സമുദായ വോട്ടിനു പുറമേ ക്രിസ്ത്യൻ വോട്ടുമാണ് ബിജെപി ലക്ഷ്യം.

ആരാണ് ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത പോരാട്ടം നടത്തുന്നത് എന്ന് മുസ്‌ലിം വിഭാഗത്തെ ബോധ്യപ്പെടുത്താനുള്ള മത്സരത്തിലാണ് എൽഡിഎഫും യുഡിഎഫും. മുസ്‌ലിം - ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം യുഡിഎഫിലേയ്ക്ക് ഒഴുകിയെത്തിയതാണ് 20ൽ 19 എന്ന വിജയ സംഖ്യയിലേക്കെത്താൻ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സഹായകമായത്. പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്നതും അത്തവണ അനുകൂലമായി. ഇപ്പോൾ ആ ഘടകങ്ങൾ കഴിഞ്ഞ തവണത്തേതുപോലെ യുഡിഎഫിന് അനുകൂലമല്ല. ബിജെപിയുമായി രഹസ്യബന്ധമെന്ന ആരോപണം ഇരുമുന്നണികളും പരസ്പരം പ്രയോഗിക്കുന്നുമുണ്ട്.

തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെ മാത്രമല്ല, സ്ഥാനാർഥിയാവുന്നവരെപ്പോലും ബിജെപി വിലയ്ക്കെടുക്കുമ്പോൾ സൂറത്തിലെയും അരുണാചലിലെയും അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ അതിന് വഴങ്ങുന്നത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. "മത്സരം തുടങ്ങുന്നതിന് മുൻപ് കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് ഇനി കോൺഗ്രസിൽ? മത്സരിച്ച് ജയിച്ചാൽ ബിജെപിയിലേക്ക് ഇരുട്ടി വെളുക്കും മുൻപ് ചാടിപ്പോകാത്ത എത്ര പേർ അവശേഷിക്കുന്നുണ്ട്?'-മുഖ്യമന്ത്രി ചോദിച്ചു.

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാന പുരസരം പറയുന്നവരും ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പേര് പറയാതെ പരിഹസിക്കാനും മുഖ്യമന്ത്രി മറന്നില്ല.

എല്‍ഡിഎഫ് ജയിച്ചാല്‍ അവർ ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നാണ് വി.ഡി. സതീശന്‍റെ കുറ്റപ്പെടുത്തൽ. പൗരത്വ നിയമത്തിനെതിരേയും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരേയുമാണ് പിണറായി വിജയന്‍ 37 ദിവസവും പ്രചരണം നടത്തിയത്. അതിനൊക്കെ യുഡിഎഫ് ചുട്ട മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പൗരത്വ പ്രക്ഷോഭത്തിന് എതിരായ കേസുകള്‍ പിന്‍വിലക്കാന്‍ തയാറാകാത്തത് ബിജെപിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണെന്നു കുറ്റപ്പെടുത്തിയ സതീശൻ, ഗുജറാത്ത് ബിജെപി തൂത്ത് വാരുമെന്നും കോണ്‍ഗ്രസ് 100 സീറ്റ് തികയ്ക്കില്ലെന്നും പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണെന്നും ഓർമിപ്പിച്ചു.

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്