തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധന പ്രാബല്യത്തില്‍ വന്നു. 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 മുതല്‍ 50 വരെ രൂപ വരെ വര്‍ധിപ്പിച്ചത്. അടുത്തിടെ പാലക്കാട് ബ്രൂവറി തുടങ്ങാന്‍ അനുമതി ലഭിച്ച ഒയാസിസ് ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉള്‍പ്പെടെ കമ്പനികളുടെ മദ്യവിലയാണ് കൂടിയത്. ഒയാസിസിന്‍റെ 20 ബ്രാന്‍ഡുകളാണു ബെവ്‌കോ വഴി വിതരണം ചെയ്യുന്നത്. ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന 'ജവാന്‍ റമ്മിനും' വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന 'ജവാന്‍' മദ്യത്തിന് 650 ആണ് പുതിയ വില.
പ്രീമിയം മദ്യത്തിന് 100 മുതല്‍ 130 രൂപ വരെയാണ് വര്‍ധന. ബിയറിനും വില ഉയർന്നു. സ്പിരിറ്റ് വിലവര്‍ധനയും ആധുനികവത്കരണവും പരിഗണിച്ച് മദ്യവില്‍പ്പന വര്‍ധിപ്പിക്കണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് വില കൂട്ടിയത്. ഒന്നര വര്‍ഷത്തിനിടെ രണ്ടാംതവണയാണ് മദ്യത്തിന് വില കൂടുന്നത്.
മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. മദ്യ നിർമാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സംശയകരമാണെന്നും അദ്ദേഹം.