Kerala

ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിൽ വിവാദം: എം. എ ബേബിയുടെ വിശദീകരണം

ഇടതുപക്ഷ വിരുദ്ധന്‍റെ സിനിമയ്ക്കു പ്രചരണം നല്‍കുന്നതെന്തിനെന്ന വിമര്‍ശനം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിശദീകരണം. ദാസേട്ടന്‍റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്റർ റിലീസിലാണ് എം. എ ബേബി പങ്കാളിയായത്

ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത വിഷയത്തില്‍ വിശദീകരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇടതുപക്ഷ വിരുദ്ധന്‍റെ സിനിമയ്ക്കു പ്രചരണം നല്‍കുന്നതെന്തിനെന്ന വിമര്‍ശനം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിശദീകരണം. ദാസേട്ടന്‍റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്റർ റിലീസിലാണ് എം എ ബേബി പങ്കാളിയായത്. ഹരിഷ് പേരിയുടെ നിലപാടുകള്‍ക്ക് അംഗീകാരം കൊടുത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും, കലാസാഹിത്യമേഖലകളില്‍ വിമര്‍ശനപരമായ സഹകരണം വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണമെന്നും എം എ ബേബി പറഞ്ഞു.

എം. എ. ബേബിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:-

'ദാസേട്ടന്‍റെ സൈക്കിള്‍' എന്ന മലയാളസിനിമയുടെ പോസ്റ്റര്‍ അതിന്‍റെ നിര്‍മ്മാതാവിന്‍റെ അഭ്യര്‍ത്ഥനപ്രകാരം ഞാനെന്‍റെ ഫേസ്ബുക്കില്‍ പങ്കുവക്കുകയുണ്ടായി. 'ഇടതുപക്ഷവിരുദ്ധന്‍റെ' സിനിമക്ക് ഞാനെന്തിനു പ്രചാരണം നല്‍കുന്നു എന്നചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പലരും ഉയര്‍ത്തിയത് എനിക്ക് ചിലസുഹൃത്തുക്കള്‍ അയച്ചുതരികയുണ്ടായി. 
ജയപ്രകാശ് കുളൂരിന്‍റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.
 
അതിപ്രഗല്‍ഭരായ ആ രണ്ടുനടന്മാരും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്ന് കേള്‍ക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താന്‍ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്‍റെ അഭ്യര്‍ത്ഥന: ചലച്ചിത്രനിര്‍മ്മാതാവായി തന്‍റെ ആദ്യസംരംഭത്തിന്റ പോസ്റ്റര്‍ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നുപറഞ്ഞപ്പോള്‍ പ്രശ്‌നമില്ല; ഫേസ് ബുക്കില്‍മതി എന്നറിയിച്ചു. 


ഇതാണ് സംഭവിച്ചത്. എനിക്കും എന്‍റെ പാര്‍ട്ടിക്കും യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കില്‍; അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ എന്‍റെ ഫേസ്ബുക്കില്‍ വന്നതോടെ, അത്തരം നിലപാടുകള്‍ക്ക് ഞാന്‍ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യമേഖലകളില്‍ വിമര്‍ശനപരമായസഹകരണം വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു