മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു 
Kerala

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് ചികിത്സയിൽ കഴിയുകയായിരുന്നു പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.

ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണു എം പോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. എംപോക്സ് രോഗത്തിന്‍റെ ലക്ഷണം കണ്ടതോടെ നിരീക്ഷണത്തിലാക്കിയ ഇയാളുടെ സ്രവ സാംപിള്‍ ലാബിലേക്ക് അയച്ചിരുന്നു.

എല്ലാ മെഡിക്കല്‍ കോളെജുകളിലും ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ചികിത്സാ സൗകര്യമൊരുക്കിയിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കുകയും രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം