അബ്ദുൽ വദൂദ് (18)
മലപ്പുറം: തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ശക്തമായ മഴയില്‍ തോടിനോട് ചേര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം. മലപ്പുറത്ത് രാവിലെ മുതൽ കനത്ത മഴയാണ് പെയ്തിരുന്നത്. സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അബ്ദുൽ. കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
രാവിലെ ആറ്റിങ്ങലിൽ 87 കാരിയും പാലക്കാട് സ്വന്തം തോട്ടിൽ നിന്നും തേങ്ങ പറക്കാന്‍ ഇറങ്ങിയ കർഷകനും ഷോക്കേറ്റ് മരിച്ചിരുന്നു