Kerala

മലയാറ്റൂർ വിശുദ്ധവാരാചരണം: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും, ‌ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും

ഏപ്രിൽ ഒന്നു മുതൽ മെയ് 15 വരെയാണ് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരം

കാലടി : മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്‍റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം.

എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കളക്ടർ പറഞ്ഞു. തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് തണ്ണീർ പന്തലുകൾ നിർമ്മിക്കുന്നതിന് മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്തിന് കളക്‌ടർ നിർദ്ദേശം നൽകി.

ഏപ്രിൽ ഒന്നു മുതൽ മെയ് 15 വരെയാണ് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരം. ഈ ദിവസങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും പോലീസിന്‍റെ നേതൃത്വത്തിൽ ഏർപ്പെടുത്തും. തിരുനാൾ ദിനങ്ങളിൽ പോലീസ് പട്രോളിഗ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്‍റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

സിവിൽ സപ്ലൈസിന്‍റെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ കടകൾക്ക് നിർദേശം നൽകും. അനധികൃത മദ്യ വിൽപ്പനയും ലഹരിപദാർത്ഥങ്ങളുടെ വില്പനയും തടയുന്നതിന് എക്സൈസിന്‍റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.

വനം വകുപ്പിന്‍റെ നേതൃത്വത്തിൽ വന സംരക്ഷണ - ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടന കേന്ദ്രത്തിനോട് ചേർന്ന വനമേഖലകളിൽ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കും. ആംബുലൻസുകളും, സ്ട്രക്ചറുകളും, ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താനും കുഴികളും കാനകളും അടക്കുന്നതിനും അപകടസൂചികൾ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

തീർത്ഥാടകർ പുഴയിലും തടാകത്തിൽ ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നടപടികൾ സ്വീകരിക്കും. തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് അഗ്നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. തിരുനാളിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ വിവിധ ഡിപ്പോകളിൽ നിന്ന് മലയാറ്റൂരിലേക്ക് സർവീസ് ആരംഭിക്കും.

ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനെക്കുറിച്ച് തീർത്ഥാടകരെ ബോധവാന്മാരാക്കാൻ ശുചിത്വമിഷന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കും. തീർത്ഥാടകർ കുപ്പിവെള്ളം ആവശ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ശുദ്ധീകരിച്ച കുടിവെള്ള ടാപ്പുകൾ സജ്ജമാക്കും. സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ ഗ്ലാസുകളും ഏർപ്പെടുത്തും. എല്ലായിടങ്ങളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. കടകളിലെ മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുന്നതിന് സംവിധാനം സജ്ജമാക്കും.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ