എട്ടുനോമ്പ് പെരുന്നാളിന് പുതുമോടിയിൽ മണർകാട് കത്തീഡ്രൽ 
Kerala

എട്ടുനോമ്പ് പെരുന്നാളിന് പുതുമോടിയിൽ മണർകാട് കത്തീഡ്രൽ

16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ശൈലിയിൽ നിർമിച്ചിരിക്കുന്ന ദേവാലയത്തിന്‍റെ പഴമയും പൗരാണികതയും നഷ്ടപെടാതെയാണ് മോടികൂട്ടിയിരിക്കുന്നത്.

നീതു ചന്ദ്രൻ

കോട്ടയം: ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ നവീകരണം പൂർത്തിയായി. സെപ്റ്റംബർ 1 മുതൽ 8 വരെ യാണ് ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനും പെരുന്നാളിനുമായി ഇവിടേക്കെത്തുക. ‌16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ശൈലിയിൽ നിർമിച്ചിരിക്കുന്ന ദേവാലയത്തിന്‍റെ പഴമയും പൗരാണികതയും നഷ്ടപെടാതെയാണ് മോടികൂട്ടിയിരിക്കുന്നത്.

പെയിന്‍റിങ് പൂർത്തിയാക്കിയതിനൊപ്പം കത്തീഡ്രലിന്‍റെ ഉൾഭാഗത്തെ പാനലിങ്, ലൈറ്റിങ് ഉൾപ്പെടെയുള്ള നവീകരണ പണികളാണ് കഴിഞ്ഞ 2 മാസം കൊണ്ടു പൂർത്തീകരിച്ചത്. പള്ളിയുടെ ഉൾഭാഗത്ത് തേക്ക് തടി കൊണ്ടുള്ള വോൾ പാനലിങ്ങും റൂഫിങും ചെയ്തു. മേൽക്കൂരയിൽ കൂടുതൽ അലങ്കാരങ്ങൾ വരച്ചു വർണാഭമാക്കിയിട്ടുണ്ട്. പള്ളിക്കുള്ളിലെ തൂണുകളിൽ മാർബിൾ ഡിസൈൻ നൽകി. തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആർച്ചുകൾക്ക് സ്വർണവർണ അലങ്കാരങ്ങളും ഒപ്പമുണ്ട്.

നവീകരിച്ച ദേവാലയത്തിന്‍റെ കൂദാശ ബുധനാഴ്ച (14-08-2024) നടക്കും. വൈകിട്ട് 5ന് നടക്കുന്ന കൂദാശയ്ക്കും സന്ധ്യാ പ്രാർഥനയ്ക്കും മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്താ പ്രധാന കാർമികത്വം വഹിക്കും. നവീകരണത്തിന് ശേഷമുള്ള പ്രഥമ കുർബാനയും വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും വ്യാഴാഴ്ച (15-08-2024) നടക്കും.

മംഗലാപുരം ഭദ്രാസനാധിപനും ഹോണവോർ മിഷൻ ചീഫ് കോ-ഓർഡിനേറ്ററുമായ യാക്കോബ് മോർ അന്തോണിയോസ് മൊത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ രാവിലെ 7ന് മൂന്നിന്മേൽ കുർബാനയും വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷയും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പള്ളി വികാരി ഇ.റ്റി കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോർഡിനേറ്റർ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത് വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ