പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം
പാലക്കാട്: പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിക്കാനും മംഗളൂരു ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുമുള്ള നീക്കത്തിനെതിരേ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. പാലക്കാട് ഡിവിഷണൽ റെയ്‌ൽവേ മാനേജരുടെ ഓഫീസിൽ തിങ്കളാഴ്ച രാവിലെയാണ് പ്രതിഷേധം അരങ്ങേറിയത്.
പൊലീസ് ബാരിക്കേഡ് മറികടന്നാണ് പ്രവർത്തകർ ഓഫീസിന്‍റെ പരിസരത്ത് പ്രവേശിച്ചത്. പൊലീസ്, റെയ്ൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ഗേറ്റിൽ തടഞ്ഞിരുന്നു.
എന്നാൽ ചില പ്രവർത്തകർ മതിൽ ചാടിക്കടന്ന് ഓഫീസ് കെട്ടിടത്തിന്‍റെ പ്രധാന കവാടത്തിന് സമീപമെത്തി. പിന്നീട് കൂടുതൽ പ്രവർത്തകർ പൊലീസ് തടസം മറികടന്ന് ഓഫീസ് വളപ്പിലേക്ക് പ്രവേശിച്ചു. വനിതകൾ ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പ്രതിഷേധക്കാർ ഓഫീസ് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ കൂടുതൽ പൊലീസിനെയും ആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയ്ൽവേ ബോർഡിന്‍റെ തീരുമാനത്തിനെതിരേ കേരളത്തിലുടനീളം പ്രതിഷേധം ശക്തമാണ്. പാലക്കാട് തിങ്കളാഴ്ച യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണം ദിനത്തിൽ പാലക്കാട് ഡിവിഷണൽ റെയ്ൽവേ ഓഫീസിന് മുന്നിൽ കോൺഗ്രസ് എംപിമാർ നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മംഗളൂരു തുറമുഖം വഴിയുള്ള ചരക്കുനീക്കത്തിൽനിന്നുള്ള വരുമാനം പാലക്കാട് ഡിവിഷന്‍റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണെന്നും വിഭജനം ഡിവിഷന്‍റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ കേരളത്തിലെ റെയ്ൽവേ വികസനത്തെ വിഭജനം ബാധിക്കില്ലെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്.