മിഥുന്‍റെ മരണത്തിൽ സ്കൂൾ മാനേജ്മെന്‍റിനെയും കെഎസ്ഇബിയെയും പ്രതി ചേർത്തേക്കും
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ‍്യാർഥിയായ മിഥുൻ വൈദ‍്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും. കൂടാതെ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ച പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയർക്കെതിരേയും കേസെടുത്തേക്കും.
മിഥുന്‍റെ മരണം അന്വേഷിക്കുന്നതിനായി ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക അന്വേഷണ സംഘത്തെ രൂപികരിക്കുമെന്ന് നേരത്തെ റൂറൽ എസ്പി കെ.എം. സാബു മാത‍്യു വ‍്യക്തമാക്കിയിരുന്നു.
മിഥുന്‍റെ മരണത്തിൽ വീഴ്ചകൾ ഉണ്ടാകാനിടയായ കാരണം വ‍്യക്തമാക്കണമെന്ന് ആവശ‍്യപ്പെട്ട് സ്കൂൾ മാനേജ്മെന്‍റിനോട് വിദ‍്യാഭ‍്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. രണ്ട് ദിവസത്തിനകം സ്കൂൾ മാനേജ്മെന്‍റ് ഇതിന് മറുപടി നൽകിയേക്കുമെന്നാണ് വിവരം.
അതേസമയം അപകടമുണ്ടാക്കാനിടയായ വൈദ‍്യുതി ലൈനുകൾ സ്കൂളിൽ നിന്നും ശനിയാഴ്ച തന്നെ കെഎസ്ഇബി നീക്കം ചെയ്തിരുന്നു. മിഥുന്‍റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.