Representative image 
Kerala

സ്‌കൂളുകളിലെ ഉച്ചഭക്ഷണം: പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്‍റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്.

MV Desk

കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഒരു കോടി 20 ലക്ഷം രൂപ ചെലവില്‍ നിർമിച്ച വെണ്ണല ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്‍റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു.

മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ വി.എ. ശ്രീജിത്ത്, പി.ആര്‍. റെനീഷ്, ഷീബ ലാല്‍, പൊതു കെട്ടിട വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. ദിപിന്‍ ദിലീപ്, കൗണ്‍സിലര്‍മാരായ കെ.ബി. ഹര്‍ഷില്‍, ആര്‍. രതീഷ്, സി.ഡി. വത്സലകുമാരി, ജോര്‍ജ് നാനാട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പൽ ജി. സുജാത, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.പി സുരേഷ് ബാബു, വെണ്ണല ഗവ. എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ജി. രാജേഷ്, പിടിഎ പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, സ്‌കൂള്‍ മാനെജ്‌മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ഫസീര്‍ ഖാന്‍, മദര്‍ പിടിഎ പ്രസിഡന്‍റ് ഷെറി ഷാജി, വിവിധ രംഗത്തെ പ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്രത്തെ കുറ്റം പറയുന്നത് അവസാനിപ്പിക്കണം: ദേശീയ അധ്യാപക പരിഷത്ത്

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിക്കുള്ള കേന്ദ്ര ഫണ്ട് വ്യവസ്ഥാപിതമായ മാർഗത്തിലൂടെ വാങ്ങിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ഗോപകുമാർ.

വീഴ്ച മറയ്ക്കാൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ആവർത്തിച്ച് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും പദ്ധതി നിർവഹണത്തിന് വ്യവസ്ഥാപിതമായ ഈ രീതി ഉപയോഗിക്കുമ്പോൾ കേരളം മാത്രം തോന്നിയതു പോലെ കേന്ദ്ര ഫണ്ട് വിനിയോഗിക്കാനാണ് ശ്രമിച്ചത്. യഥാസമയം സംസ്ഥാന വിഹിതം നോഡൽ ഓഫിസർക്ക് നൽകാനും തയാറായിട്ടില്ല.

നടപ്പ് അധ്യയന വർഷം ഉച്ചഭക്ഷണ പദ്ധതിയുടെ പണം ലഭ്യമാക്കുന്നതിന് രേഖകൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കത്തയച്ച വിവരവും പുറത്ത് വന്നിട്ടുണ്ട്. വ്യവസ്ഥാപിത മാർഗത്തിലൂടെ കേന്ദ്ര പദ്ധതിയുടെ പണം ചെലവഴിക്കുന്നതിലും രേഖകൾ സമർപ്പിക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാലാണ് കേന്ദ്ര ഫണ്ട് വൈകാനിടയായതെന്നും ഗോപകുമാർ പറഞ്ഞു.

അതിതീവ്ര മഴയില്ല, ഓറഞ്ച് അലർട്ട് മാത്രം; അഞ്ച് ദിവസം മഴ തുടരും

ലഡാക്ക് സംഘർഷം; വിവിധ സംഘടനകളുമായി ചർച്ച നടത്തി കേന്ദ്രം

''എന്‍റെ പടത്തോടുകൂടി ഒരു അസഭ‍്യ കവിത പ്രചരിക്കുന്നു''; സൈബർ പൊലീസ് ശ്രദ്ധിക്കണമെന്ന് ജി. സുധാകരൻ

സ്വർണത്തിന് പിന്നെയും വില കുറഞ്ഞു; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 3440 രൂപ

ഇന്ത്യൻ സൈനികർക്ക് ഇനി രാത്രിയും കാഴ്ച | Video