മുരാരി ബാബു
കൊച്ചി: ശബരിമല ശ്രീകോവിലിന്‍റെ വാതിൽ സ്വർണം പൂശിയതിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു അറസ്റ്റിലായി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. സ്വർണം പൂശലിന്‍റെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു.
പ്രത്യേക അന്വേഷണ സംഘം (SIT) ആണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്. ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളും ശ്രീകോവിലിന്‍റെ വാതിലും സ്വർണം പൂശിയതിൽ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിർണായക അറസ്റ്റ്.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. മുരാരി ബാബുവിനെ കൂടാതെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരടക്കം പത്ത് പേരെ പ്രതിചേർത്തിട്ടുണ്ട്.
ശബരിമലയിലെ സ്വർണം തിരിമറി നടത്തിയതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാനും ഇതിനു പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്താനും ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
അറസ്റ്റിലായ മുരാരി ബാബുവിനെ SIT കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാൻ സാധ്യതയുണ്ട്.