തിരുവനന്തപുരം: സ്കൂൾ കുട്ടികളെക്കൊണ്ട് അധ‍്യാപകരുടെ കാൽ കഴുകിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫ‍്യൂഡൽ കാലത്തെ അടിമത്ത മനോഭാവം കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും മതനിരപേക്ഷ ഉള്ളടക്കത്തേയും ജനാധിപത‍്യ അവബോധത്തെയും ഇത് തകർക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചാതുർവണ‍്യ വ‍്യവസ്ഥയുടെ ഭാഗമായുള്ള ആചാര രീതി തിരിച്ചുകൊണ്ടുവരാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഇക്കാര‍്യങ്ങൾക്ക് യുഡിഎഫ് പിന്തുണയുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. ആർഎസ്എസുമായും ജമാഅത്തെ ഇസ്‌ലാമിയുമായും സന്ധി ചെയ്യുന്നതിൽ ഇവർക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.